ഉത്തർപ്രദേശിൽ ബിജെപി സഖ്യത്തിൽ മുസ്‌ലിം സ്ഥാനാർത്ഥിയും
ഹൈദര്‍ അലിയുടെ മുത്തച്ഛന്‍ സുൽഫിഖർ അലി ഖാൻ അഞ്ചുതവണ റാംപൂരിൽനിന്നുള്ള കോൺഗ്രസ് എംപിയായിരുന്നു. പിതാവ് നവാബ് കാസിം അലി ഖാൻ നാലുതവണ കോൺഗ്രസ് എംഎല്‍എയുമായിരുന്നു
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി സഖ്യകക്ഷിയായ അപ്‌നാദൾ(എസ്). ഒരു മുസ്‌ലിം സ്ഥാനാർത്ഥിയും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് പട്ടികയിലെ കൗതുകം. ഹൈദർ അലി ഖാനാണ് പട്ടികയിൽ ഇടംപിടിച്ച മുസ്‌ലിം സ്ഥാനാർത്ഥി.
ജയിലിലുള്ള സമാജ്‌വാദി പാർട്ടി(എസ്പി) നേതാവ് അസം ഖാന്റെ മകൻ അബ്ദുൽ അസം മത്സരിക്കുമെന്ന് കരുതപ്പെടുന്ന റാംപൂര്‍ ജില്ലയിലെ സുവാറിലാണ് ഹൈദർ അലി ഖാൻ ജനവിധി തേടുന്നത്. ബിജെപി സഖ്യത്തിൽ ഒരു മുസ്‌ലിം സ്ഥാനാർത്ഥിക്ക് ഇടംലഭിക്കുന്നത് അപൂർവകാഴ്ചയാണ്. റാംപൂരിലെ പഴയ രാജകുടുംബാംഗമാണ് ഹൈദർ അലി ഖാൻ. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ സുൽഫിഖർ അലി ഖാൻ അഞ്ചുതവണ റാംപൂരിൽനിന്നുള്ള കോൺഗ്രസ് എംപിയായിരുന്നു. പിതാവ് നവാബ് കാസിം അലി ഖാൻ നാലുതവണ കോൺഗ്രസ് എംഎല്‍എയായിരുന്നു. ഇത്തവണ റാംപൂരിൽ കോൺഗ്രസിനു വേണ്ടി മത്സരിക്കുന്നുണ്ടെന്നുമാണ് വിവരം.
നേരത്തെ സുവാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നയാൾ കൂടിയാണ് ഹൈദർ അലി ഖാൻ. പിന്നീട് ഡൽഹിയിലെത്തി അനുപ്രിയ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അപ്‌നാദളിലേക്കുള്ള കൂടുമാറ്റം. പിന്നാലെ, പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു.
യോഗി മന്ത്രിസഭയിൽ വാണിജ്യ, വ്യവസായ മന്ത്രിയായ അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് അപ്‌നാദൾ(എസ്). ബിജെപിയുമായുള്ള സീറ്റ് ചർച്ച അന്തിമമായിട്ടില്ലെങ്കിലും അതിനുമുൻപു തന്നെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുകയാണ് അപ്‌നാദൾ. സഞ്ജയ് നിഷാദിന്റെ നിഷാദ് പാർട്ടിയാണ് ബിജെപി സഖ്യത്തിലുള്ള മറ്റൊരു പാർട്ടി.
Summary: BJP's UP Ally Gives 1st Ticket To Muslim Candidate