പഞ്ചാബ് ബിജെപിയില്‍ പ്രതിസന്ധി; സുനിൽ ജാഖർ അധ്യക്ഷ സ്ഥാനം രാജിവെച്ചതായി സൂചന; നീക്കം പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി യോഗങ്ങളിൽ ജാഖർ പങ്കെടുത്തില്ല
ന്യൂഡൽഹി: പഞ്ചാബ് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും സുനിൽ കുമാർ ജാഖർ രാജിവെച്ചതായി സൂചന. സംസ്ഥാനത്ത് പഞ്ചായത്ത്തല തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിർണായക നീക്കം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി യോഗങ്ങളിൽ ജാഖർ പങ്കെടുത്തില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 15നാണ് പഞ്ചാബിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന ബിജെപി നേതാവ് ജാഖറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും ഇനി ഒരു യോഗത്തിലും പങ്കെടുക്കാൻ താല്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതായുമാണ് പുറത്തുവരുന്ന വിവരം. രാജിക്കത്ത് ജാഖർ ബിജെപി നേതൃത്വത്തിന് സമർപ്പിച്ചതായും എന്നാൽ ഇത് സ്വീകരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ലെന്നുമാണ് സൂചന.
രാജി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയോടും ജാഖർ നേരത്തെ സംസാരിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപി വൻ പരാജയം ഏറ്റുവാങ്ങിയതിനു ശേഷം പാർട്ടി ചുമതലയിൽ തുടരാൻ താല്പര്യമില്ലെന്ന് ജാഖർ ഹൈക്കമാന്റിനോട് അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്. പിന്നാലെ സജീവ രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു ജാഖർ.
പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷനായിരുന്ന ജാഖർ 2022ലാണ് പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്നത്. പിന്നാലെ അദ്ദേഹത്തെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയായിരുന്നു.