മൃതദേഹത്തിനു പകരം എട്ടോ പത്തോ ആളുകളെ കൊണ്ടുവരാന്‍ സാധിക്കും; കൊല്ലപ്പെട്ട വിദ്യാര്‍ഥിയെക്കുറിച്ച് ബി.ജെ.പി എം.എല്‍.എ, വിവാദം

നവീനെ അവസാനമായി കാണാന്‍ കാത്തിരിക്കുന്ന കുടുംബത്തിന്‍റെ മാനസികാവസ്ഥ പോലും പരിഗണിക്കാതെയായിരുന്നു എം.എല്‍.എ അരവിന്ദ് ബെല്ലാദിന്‍റെ പ്രസ്താവന

Update: 2022-03-04 07:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡയെക്കുറിച്ചുള്ള ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം വിവാദമായി. മൃതദേഹം കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലം വേണ്ടിവരുമെന്നായിരുന്നു എം.എല്‍.എ പറഞ്ഞത്. നവീനെ അവസാനമായി കാണാന്‍ കാത്തിരിക്കുന്ന കുടുംബത്തിന്‍റെ മാനസികാവസ്ഥ പോലും പരിഗണിക്കാതെയായിരുന്നു എം.എല്‍.എ അരവിന്ദ് ബെല്ലാദിന്‍റെ പ്രസ്താവന.

വിമാനത്തില്‍ ഒരു മൃതദേഹം കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. ആ സ്ഥലത്ത് എട്ട് മുതൽ 10 പേർക്ക് യാത്ര ചെയ്യാം. ഇവയാണ് വെല്ലുവിളികൾ, അതിനാൽ മൃതദേഹം നാട്ടിലെത്തിക്കാന്‍ സമയമെടുക്കുമെന്നായിരുന്നു അരവിന്ദ് പറഞ്ഞത്. ഹുബ്ലി-ധര്‍വാദ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അരവിന്ദ്. നവീന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു എം.എല്‍.എയുടെ മറുപടി. "നവീന്‍റെ ഭൗതികശരീരം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. യുക്രൈൻ ഒരു യുദ്ധമേഖലയാണ്, എല്ലാവർക്കും അതിനെക്കുറിച്ച് അറിയാം. ശ്രമങ്ങൾ നടക്കുന്നുണ്ട്, കഴിയുമെങ്കിൽ മൃതദേഹം തിരികെ കൊണ്ടുവരും," ബെല്ലാദ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ ഹാവേരി സ്വദേശിയാണ് നവീന്‍. യുക്രൈന്‍ നഗരമായ ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെടുന്നത്. ഖാര്‍കീവ് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന നവീന്‍ ഭക്ഷണം വാങ്ങാന്‍ ഒരു കടയ്ക്കു മുമ്പില്‍ വരി നില്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News