''2003നുശേഷം ആർ.എസ്.എസ് രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തി; സൈന്യത്തിന്റെയും പൊലീസിന്റെയും സഹായം ലഭിച്ചു''- മുൻ പ്രചാരകിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

''ക്രിസ്ത്യൻ വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് ത്രിപുരയിൽ ആർ.എസ്.എസ് പ്രവർത്തകരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനി തയാറായില്ല''

Update: 2022-09-01 15:30 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: രാജ്യത്ത് നടന്ന നിരവധി ബോംബ് സ്‌ഫോടനങ്ങളിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന് ആരോപിച്ച് മുൻ പ്രവർത്തകന്റെ സത്യവാങ്മൂലം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലാ സെഷൻസ് കോടതിയിലാണ് മുൻ ആർ.എസ്.എസ് പ്രചാരകായ യശ്വന്ത് സഹദേവ് ഷിൻഡെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഏഴു പേജുള്ള സത്യവാങ്മൂലത്തിൽ സംഘ്പരിവാർ സംഘടനകൾക്കും ബി.ജെ.പിക്കും എതിരായ സ്‌തോഭജനകമായ വിവരങ്ങളാണ് യശ്വന്ത് ഷിൻഡെ വെളിപ്പെടുത്തിയിരിക്കുന്നത്. യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയതു തൊട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങളിലും സ്‌ഫോടനങ്ങളും നടത്തിയതിന്റെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 2004ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുക ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണങ്ങൾ നടത്തിയതെന്നും സൈന്യത്തിൽനിന്നു വരെ ആയുധ സഹായം ലഭിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. യശ്വന്ത് ഷിൻഡെ സത്യവാങ്മൂലത്തിൽ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലുകൾ

'ഫാറൂഖ് അബ്ദുല്ലയുടെ മുഖത്തടിച്ച് ജയിലിൽ പോയി'

1990കളിൽ 18-ാം വയസ് മുതൽ വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി), ആർ.എസ്.എസ്, ബജ്രങ്ദൾ തുടങ്ങി വിവിധ സംഘ്പരിവാർ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു യശ്വന്ത് ഷിൻഡെ. സംസ്ഥാന-ദേശീയതലങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുമുണ്ട് ഷിൻഡെ. 1990കളിൽ കശ്മിരിൽ ഹിന്ദുക്കൾ(കശ്മിരി പണ്ഡിറ്റുകൾ) ആക്രമിക്കപ്പെടുന്നതായുള്ള മാധ്യമവാർത്തകൾ വായിച്ചാണ് അവിടെയെത്തുന്നത്. 1994ൽ ജമ്മുവിലെത്തിയ ഷിൻഡെയെ അന്ന് ആർ.എസ്.എസിന്റെ ഹിമഗിരി പ്രാന്ത് പ്രചാരകായ ഇന്ദ്രേഷ് കുമാർ പാക് അതിർത്തിയിലുള്ള രജൗരി, ജവഹർനഗർ മേഖലയുടെ വിസ്താരകായി നിയമിക്കുകയായിരുന്നു.

ആ സമയത്ത് രജൗരിയിൽ ഒരു പരിപാടിയിൽ സംസാരിക്കാനെത്തിയ അന്നത്തെ ജമ്മു കശ്മിർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ മുഖത്തടിച്ചു. അറസ്റ്റിലായി ജയിലിലായ ഷിൻഡെ 12 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചു പുറത്തിറങ്ങി. പിന്നീട് 1998ൽ മഹാരാഷ്ട്രയിൽ തിരിച്ചെത്തി. ഈ സമയത്താണ് കരുത്തും ആത്മവീര്യവുമുള്ള യുവാക്കളെ സംഘടിപ്പിച്ച് കശ്മിരിലെത്താൻ ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ ഷിൻഡെയോട് നിർദേശിച്ചത്. ഇവർക്ക് ആയുധപരിശീലനം നൽകാനായിരുന്നു പദ്ധതി. സജീവ വി.എച്ച്.പി പ്രവർത്തകനായിരുന്ന ഹിമാൻഷു പാൻസെയും ഏഴു സുഹൃത്തുക്കളെയും കൂട്ടി ഷിൻഡെ കശ്മിരിലെത്തുകയും ഇവർക്ക് പുത്തൻ ആയുധ പരിശീലനങ്ങൾ നൽകുകയും ചെയ്തു. ഇന്ത്യൻ സൈനികരായിരുന്നു ഇവർക്ക് ആയുധ പരിശീലനം നൽകിയത്.

2000ത്തിൽ ത്രിപുരയിലെ ബാപ്റ്റിസ്റ്റ് പള്ളിക്കടുത്തുനിന്ന് നാല് ആർ.എസ്.എസ് പ്രവർത്തകരെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നു. ആർ.എസ്.എസിന്റെ കേന്ദ്രീയ പ്രസാർ പ്രമുഖായിരുന്ന ശ്രീകാന്ത് ജോഷി ഷിൻഡെയെ വിളിച്ച് പ്രവർത്തകരെ കണ്ടെത്താനുള്ള ചുമതല ഏൽപിച്ചു. ദൗത്യത്തിന്റെ ഭാഗമായി ത്രിപുരയിലും പശ്ചിമ ബംഗാളിലുമടക്കം പലയിടങ്ങളിലും സഞ്ചരിച്ചു. ആ സമയത്താണ് ശ്രീകാന്ത് ഷോജി ഇന്നത്തെ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ പരിചയപ്പെടുത്തുന്നത്.

ഇതിനിടയിൽ പ്രവർത്തകർ കൊല്ലപ്പെട്ട വിവരം ലഭിച്ചു. വിവരം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി എൽ.കെ അദ്വാനിയെ അറിയിച്ചു. പ്രതികൾ ഡൽഹി വിമാനത്താവളത്തിലേക്ക് വരുന്നുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ശ്രീകാന്ത് ജോഷി ആവശ്യപ്പെട്ടു. എന്നാൽ, പൂർവാഞ്ചൽ മേഖലയിലെ ക്രിസ്ത്യൻ വോട്ട് നഷ്ടപ്പെടുമെന്നു ഭയന്ന് അന്ന് ഇവരെ അറസ്റ്റ് ചെയ്യാൻ അദ്വാനി നിർദേശം നൽകിയില്ല. പ്രതികളെ പിടികൂടിയതുമില്ല. നേതാക്കളുടെ സ്വാർത്ഥതാൽപര്യം തിരിച്ചറിഞ്ഞ് ബി.ജെ.പിയിൽനിന്നും സംഘ്പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിന്നു.

'കൊടുംവനത്തിൽ കൊണ്ടുപോയി ബോംബ് സ്‌ഫോടന പരിശീലനം'

2003ലാണ് ദക്ഷിണ മുംബൈയിലെ ഖേത്‌വാദിയിൽ ഗോൾ ദിയോൾ ക്ഷേത്രത്തിനു സമീപത്ത് ഒരു സുപ്രധാന യോഗം നടക്കുന്ന വിവരം യശ്വന്ത് ഷിൻഡെയ്ക്ക് ലഭിച്ചത്. ഇതിൽ പങ്കെടുക്കണമെന്നും മുകളിൽനിന്നു നിർദേശം ലഭിച്ചു. യോഗത്തിനെത്തിയപ്പോൾ അന്ന് വി.എച്ച്.പി മഹാരാഷ്ട്രാ ഘടകം തലനായിരുന്ന മിലിന്ദ് പരാൻഡെയുടെ രണ്ട് സഹായികൾ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്‌ഫോടനം നടത്താൻ ആസൂത്രണമിടുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ബോംബ് നിർമാണത്തിനുള്ള പരിശീലനം ഉടൻ സംഘടിപ്പിക്കുന്നുണ്ടെന്നും മിലിന്ദിന്റെ പ്രതിനിധികൾ അറിയിച്ചു.

2004 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലായിരുന്നു ഇത്. ഞെട്ടലോടെയായിരുന്നു ഇതെല്ലാം ഷിൻഡെ കേട്ടത്. പദ്ധതിയോട് എതിർപ്പായിരുന്നെങ്കിലും അക്കാര്യം പരസ്യമാക്കിയില്ല. പൂനെയിലെ സിൻഹാഗഢിലെ ഒരു റിസോർട്ടിൽ നടന്ന മൂന്നുദിവസത്തെ ബോംബ് നിർമാണ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും ചെയ്തു. ഔറംഗാബാദ്, നന്ദേഡ്, ജൽഗാവ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള 20ഓളം യുവാക്കളാണ് പരിശീലനത്തിൽ പങ്കെടുത്തത്. മിലിന്ദ് ആയിരുന്നു ക്യാംപിന്റെ ബുദ്ധികേന്ദ്രവും സംഘാടകനും.

ബജ്രങ്ൾ ദൾ പ്രവർത്തകനായ രവിദേവിന്റെ(അന്ന് മിഥുൻ ചിക്രവർത്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന) നേതൃത്വത്തിലായിരുന്നു ക്യാംപ് നടന്നത്. 2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ പിന്നീട് അറസ്റ്റിലായ രാകേഷ് ധവാഡെയായിരുന്നു ഇയാളെ വാഹനത്തിൽ ക്യാംപിലെത്തിച്ചിരുന്നതും തിരിച്ചുകൊണ്ടുപോയിരുന്നതും. രാവിലെ പത്തുമണിയോടെ ക്യാംപിലെത്തുന്ന രവിദേവ് പൈപ്പുകളും വയറുകളും ബൾബുകളും പ്രത്യേക പൊടികളും അടക്കമുള്ള സ്‌ഫോടക വസ്തുക്കൾ ക്യാംപിലെത്തിയവർക്ക് വിതരണം ചെയ്യും. തുടർന്ന് ബോംബ് നിർമാണരീതി പഠിപ്പിക്കുകയുമാണ് ചെയ്യാറുള്ളത്.

ക്യാംപിനുശേഷം ബോംബ് സ്‌ഫോടന പരിശീലനത്തിനായി ഒറ്റപ്പെട്ട ഒരു വനത്തിനുള്ളിലേക്ക് എല്ലാവരെയും കൊണ്ടുപോയി. അവിടെവച്ച് എല്ലാവർക്കും ടൈമർ വച്ചുള്ള സ്‌ഫോടനപരിശീലനം നൽകി. ഈ പരിശീലനങ്ങളെല്ലാം വിജയകരമായിരുന്നു. ക്യാംപിന്റെ അവസാനദിവസം ബോംബ് സ്‌ഫോടനം നടത്താൻ തയാറുണ്ടെന്ന് പേപ്പറിൽ എഴുതിനൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഷിൻഡെയടക്കം ചിലർ അതിനു തയാറായില്ല.

പിന്നീട് നന്ദേഡിലെത്തി വി.എച്ച്.പി നേതാവ് ഹിമാൻഷു പാസെയെ കാണുകയും ബോംബ് സ്‌ഫോടന പദ്ധതികളിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നേരിൽ സമ്മതിച്ചെങ്കിലും പിന്നീട് മഹാരാഷ്ട്രയിലെ മറാത്തവാഡ മേഖലയിൽ മൂന്ന് ബോംബ് സ്‌ഫോടനങ്ങൾക്ക് ഹിമാൻഷു നേതൃത്വം നൽകിയ കാര്യം ഷിൻഡെ അറിഞ്ഞു. 2006ൽ ഔറംഗാബാദിലെ പ്രശസ്തമായൊരു മുസ്‌ലിം പള്ളിയിൽ ബോംബ് സ്‌ഫോടനം നടത്താൻ ആസൂത്രണം ചെയ്തു. ഇതിനായി ബോംബ് നിർമിക്കുന്നതിടെ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെടുകയും ചെയ്തു.

ബോംബ് സ്‌ഫോടനങ്ങളിലൂടെ 2004ൽ അധികാരം ഉറപ്പിക്കാമെന്ന തന്ത്രം വിജയിച്ചില്ല. ഭൂരിപക്ഷം നേടി കോൺഗ്രസ് അധികാരത്തിലേറി. സ്‌ഫോടന പദ്ധതികളുടെ ആസൂത്രികരും പങ്കാളികളുമായ മിലിന്ദിനെപ്പോലുള്ള പ്രമുഖ നേതാക്കൾ ഒളിവിൽ പോയി. ഒളിവിലിരുന്നും രാജ്യത്തുടനീളം ബോംബ് സ്‌ഫോടന ആസൂത്രണങ്ങൾ നടത്തി. ഇതിന് ഒരു വിഭാഗം പൊലീസിൽനിന്നും മാധ്യമങ്ങളിൽനിന്നും സഹായം ലഭിച്ചു. 2014ൽ മോദി അധികാരത്തിലേറിയതോടെ ഒളിവിൽപോയവരെല്ലാം പുറത്തിറങ്ങി. പൊതുരംഗത്ത് സജീവമാകുകയും ചെയ്തു.

അന്നത്തെ ആസൂത്രകർ, ഇന്ന് സംഘ് നേതാക്കൾ; സുരക്ഷിതർ

2003നുശേഷം രാജ്യത്ത് നടന്ന ബോംബ് സ്‌ഫോടനങ്ങളുടെ മുഖ്യ ആസൂത്രകരായ മിലിന്ദ് പരാൻഡെ, രാകേഷ് ധവാഡെ, രവി ദേവ് എന്നിവർ സംഘ്പരിവാർ സംഘടനകളിൽ ഉയർന്ന പദവി വഹിച്ചവരും തുടർന്നും ഉന്നതസ്ഥാനങ്ങളിൽ തുടരുന്നവരുമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മിലിന്ദ് നിലവിൽ വി.എച്ച്.പി കേന്ദ്രീയ സംഘാടക് ആണ്. ന്യൂഡൽഹിയിലെ ആർ.കെ പുരത്തുള്ള വി.എച്ച്.പി ആസ്ഥാനം കേന്ദ്രമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

രാകേഷിനെ 2008ലെ മലേഗാവ് അടക്കം വിവിധ ഭീകരാക്രമണങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ജാമ്യത്തിലാണ്. രവിദേവ് ഇപ്പോൾ ഹരിദ്വാറിലാണ് കഴിയുന്നത്. 2006ലെ നന്ദേഡ് ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്മാരും ഇവരായിരുന്നുവെന്ന് ഷിൻഡെ ആരോപിക്കുന്നു. സത്യവാങ്മൂലത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം സർക്കാർ രേഖകളും വാർത്താ റിപ്പോർട്ടുകളും വഴി തെളിയിക്കാൻ തയാറാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിൽ പരാമർശിക്കപ്പെട്ട നേതാക്കളെയും വ്യക്തികളെയുമെല്ലാം നേരിൽകാണാനും തയാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Summary: ''RSS involved in series of bomb blasts in India'', claims Yashwant Shinde, who was a pracharak of the Rashtriya Swayamsevak Sangh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News