ബോറിസ് ജോൺസന്റെ ഗുജറാത്ത് സന്ദർശനം: അഹമ്മദാബാദിൽ ചേരികൾ തുണികെട്ടി മറച്ചു

മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനവേളയില്‍ അഹമ്മദാബാദില്‍ ചേരികള്‍ മതില്‍കെട്ടി മറച്ചത് വൻ വിവാദമായിരുന്നു

Update: 2022-04-21 09:26 GMT
Editor : Shaheer | By : Web Desk
Advertising

അഹമ്മദാബാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സന്ദർശനത്തിനു മുന്നോടിയായി ഗുജറാത്തിൽ ചേരികൾ വ്യാപകമായി തുണികെട്ടി മറച്ചു. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിനു സമീപത്തുള്ള ചേരികളാണ് ഉയരത്തിൽ തുണികെട്ടി മറച്ചിരിക്കുന്നത്. മുൻപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുടെയെല്ലാം സന്ദർശനവേളയിലും ഇത്തരത്തിൽ ചേരികള്‍ മറച്ചത് വൻവിവാദമായിരുന്നു.

എക്‌ണോമിക് ടൈംസിലെ ഡി.പി ഭട്ടയാണ് ചേരികൾ മറച്ചുകെട്ടിയതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പുറത്തുവിട്ടത്. ആശ്രമത്തിലേക്കുള്ള പാതയോരങ്ങൾ മുഴുവൻ വെള്ള നിറത്തിലുള്ള തുണികൊണ്ട് ഉയരത്തിൽ മറച്ചിരിക്കുകയാണ്. അഹമ്മദാബാദ് നഗരത്തിലുടനീളം ബോറിസ് ജോൺസനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ഹോർഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്.

നേരത്തെ 2020 ഫെബ്രുവരിൽ ഡൊണാൾഡ് ട്രംപിന്റെ ഗുജറാത്ത് സന്ദർശന സമയത്തും അഹമ്മദാബാദിൽ ചേരികൾ മതിൽകെട്ടി മറച്ചിരുന്നു. ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാഹനവ്യൂഹം കടന്നുപോയ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം മുതൽ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള പാതയോരങ്ങളിലെല്ലാം ചേരികൾ മറക്കാനായി അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ ഉയരത്തിൽ മതിൽകെട്ടുകയായിരുന്നു. 2014ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശന സമയത്തും സമാനമായ നടപടിയുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

സബർമതി ആശ്രമം സന്ദർശിച്ച്, ഗൗതം അദാനിയെ കണ്ട് ആദ്യദിനം

ഇന്നു രാവിലെയാണ് ദ്വിദിന സന്ദർശനത്തിനായി ബോറിസ് ജോൺസൻ ഇന്ത്യയിലെത്തിയത്. അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവരഥ് എന്നിവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ പരമ്പരാഗത ഗുജറാത്തി നൃത്ത കലാപരിപാടികളോടെയായിയിരുന്നു വരവേൽപ്പ്. ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കുന്നത്.

തുടർന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം റോഡ്‌ഷോയായാണ് താമസസൗകര്യം ഒരുക്കിയ ആശ്രമം റോഡിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയത്. ഇവിടെനിന്ന് പട്ടേലിനൊപ്പം സബർമതി ആശ്രമത്തിലെത്തി. ആശ്രമിത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. ആശ്രമത്തിലുള്ള ചർക്കയിൽ അദ്ദേഹം നൂൽനൂറ്റു. മഹാത്മാ ഗാന്ധി ജീവിതകാലത്ത് കഴിഞ്ഞിരുന്ന ഹൃദയകുഞ്ചും ഗാന്ധിയുടെ ബ്രിട്ടീഷ് ശിഷ്യയായിരുന്ന മീരാബെൻ താമസിച്ചിരുന്ന മീരാ കുടീരും സന്ദർശിച്ചു. ആശ്രമത്തിന്റെ സമ്മാനമായി ചർക്കയുടെ മാതൃകയും മഹാത്മാ ഗാന്ധിയുടെ അപ്രകാശിത കൃതിയായ Guide to Londonഉം, മീരാബെന്നിന്റെ ആത്മകഥ The Spirit's Pilgrimageഉം ഭൂപേന്ദ്ര പട്ടേൽ ജോൺസന് കൈമാറി.


തുടർന്ന് അഹമ്മദാബാദിലെത്തിയ ജോൺസൻ ശതകോടീശ്വരൻ ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തി. പ്രമുഖ ഇന്ത്യൻ വ്യവസായികളുമായും ഇന്ന് പ്രത്യേക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ശേഷം പഞ്ച്മഹലിലെ ജെ.സി.ബി നിർമാണ യൂനിറ്റ് സന്ദർശിക്കും. ഗാന്ധിനഗറിൽ നിർമാണത്തിലുള്ള ഗുജറാത്ത് ബയോടെക്‌നോളജി സർവകലാശാലാ കാംപസിലുമെത്തുമെന്നാണ് അറിയുന്നത്. തുടർന്ന് അക്ഷർധാം ക്ഷേത്രവും സന്ദർശിച്ച ശേഷമായിരിക്കും ഡൽഹിയിലേക്ക് തിരിക്കുക.

നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര, പ്രതിരോധ രംഗങ്ങളിലെല്ലാം സുപ്രധാന കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയുമായുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാർ(എഫ്.ടി.എ) നേടിയെടുക്കൽ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമാണെന്നാണ് വിവരം.

Summary: Ahead of the visit of Boris Johnson, the slum near Sabarmati Ashram in Ahmedabad gets covered with white cloth

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News