സ്കൂളുകളിലെ ബോംബ് ഭീഷണി: സന്ദേശം അയച്ചത് പതിനേഴ് വയസുകാരന്‍ നിര്‍മിച്ച 'കമ്പ്യൂട്ടര്‍ ബോട്ടില്‍' നിന്നും
വിദേശിയായ ഒരാള്‍ക്ക് വേണ്ടി നിര്‍മിച്ച ബോട്ടുകള്‍ 200 ഡോളര്‍ ബിറ്റ്കോയിന് വേണ്ടിയാണ് കൗമാരക്കാരൻ നിര്‍മിച്ചു നല്‍കിയത്
ന്യൂദല്‍ഹി: ബെംഗളൂരിലെയും ഭോപാലിലെയും മുന്‍നിര സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് കമ്പ്യൂട്ടര്‍ പ്രോഗാമറായ പതിനേഴ് വയസുകാരന്‍ നിര്‍മിച്ച 'ബോട്ടുകളില്‍'(bots) നിന്നെന്ന് അന്വേഷണ സംഘം. വിദേശിയായ ഒരാള്‍ക്ക് വേണ്ടി നിര്‍മിച്ച ബോട്ടുകള്‍ 200 ഡോളര്‍ ബിറ്റ്കോയിന് വേണ്ടിയാണ് കൗമാരക്കാരൻ നിര്‍മിച്ചു നല്‍കിയത്. അജ്ഞാതനായ ഉപയോക്താവ് ഒന്നിലധികം ഇമെയിൽ ഐഡികൾ പ്രവർത്തിപ്പിക്കാൻ ബോട്ടുകൾ പിന്നീട് ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
അന്വേഷണത്തിന് സഹായം അഭ്യർത്ഥിച്ച് മധ്യപ്രദേശ് പൊലീസ് കൗമാരക്കാരന് നോട്ടീസ് അയക്കും. യഥാർത്ഥ പ്രതി അജ്ഞാതനായ വിദേശ പൗരനാകാമെന്നും കൗമാരക്കാരൻ ഹോസ്റ്റ് ചെയ്ത ബോട്ടുകൾ ബോംബ് സന്ദേശം അയക്കാന്‍ ഉപയോഗിച്ചതായും ഭോപ്പാല്‍ ക്രൈം ഡി.സി.പി അമിത് കുമാർ പറഞ്ഞു. ബെംഗളൂരുവിലെ സ്‌കൂളുകളിലേക്ക് ഏപ്രിലിൽ സമാനമായ ഇ മെയില്‍ ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നു. മേയില്‍ ഭോപ്പാലിലെ പതിനൊന്ന് പ്രമുഖ സ്‌കൂളുകളിലേക്കും ബോംബ് ഭീഷണി ഇമെയിലുകൾ വന്നിരുന്നു.
ഭോപ്പാലിലെ സ്‌കൂളുകളിലേക്ക് അയച്ച ഇമെയിലുകൾ വ്യാജമാണെന്ന് തെളിഞ്ഞുവെങ്കിലും ബോംബ് സ്‌ക്വാഡുകളെ സംഭവം മണിക്കൂറുകളോളം വലച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സേലം സ്വദേശിയായ ഒരു ആൺകുട്ടിയുടെ ഐ.പി അഡ്രസില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമാകുന്നത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ കൗമാരക്കാരനെ കണ്ടെത്താൻ സാധിച്ചതായും അന്വേഷണ സംഘം പറഞ്ഞു.
Bots Developed By Teen Used To Send Bomb Threats