ജോലി കഴിഞ്ഞ് ദിവസവും അര്‍ധരാത്രിയില്‍ 10 കിമീ വീട്ടിലേക്കോടുന്ന യുവാവ്; നാല് മില്യണിലധികം പേര്‍ കണ്ട വീഡിയോക്ക് പിന്നില്‍

സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രി നോയിഡ റോഡിലൂടെ കാറോടിച്ചു പോകുമ്പോഴാണ് ഓടിപ്പോകുന്ന പ്രദീപിനെ കാണുന്നത്

Update: 2022-03-21 05:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഓടിയോടി ഒരു 19കാരന്‍ സോഷ്യല്‍മീഡിയ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് മെഹ്റ എന്ന ആ പയ്യന്‍റെ ഓട്ടത്തിനുമുണ്ടൊരു പ്രത്യേകത. ജോലി കഴിഞ്ഞ് ദിവസവും അര്‍ധരാത്രിയില്‍ ഓടിയാണ് അവന്‍ വീട്ടിലേക്ക് പോകുന്നത്. അതും 10 കിലോമീറ്റര്‍. അവന്‍റെ ഈ ഓട്ടത്തിനും പിന്നില്‍ കാരണവുമുണ്ട്. സൈന്യത്തില്‍ ചേരുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ കഠിനാധ്വാനം.

സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രി നോയിഡ റോഡിലൂടെ കാറോടിച്ചു പോകുമ്പോഴാണ് ഓടിപ്പോകുന്ന പ്രദീപിനെ കാണുന്നത്. കാറില്‍ വീട്ടിലെത്തിക്കാമെന്ന് കാപ്രി പറഞ്ഞെങ്കിലും പ്രദീപ് അത് സ്നേഹത്തോടെ നിരസിച്ചു. അതു കേട്ടപ്പോള്‍ കാപ്രിക്ക് എന്തോ പ്രത്യേകത തോന്നി. അയാള്‍ പ്രദീപിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് അര്‍ധരാത്രിയിലെ ഓട്ടത്തിനു പിന്നിലെ കാരണം പ്രദീപ് വെളിപ്പെടുത്തിയത്. മക്‌ഡൊണാൾഡ്‌സ് സെക്ടർ 16ലെ ഷിഫ്റ്റ് കഴിഞ്ഞ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഓടുകയായിരുന്നുവെന്ന് പ്രദീപ് പറഞ്ഞു. പിന്നീട് പലതവണ വിനോദ് കാപ്രി ലിഫ്റ്റ് വാഗ്ദാനം ചെയ്തെങ്കിലും പ്രദീപ് നിരസിക്കുകയാണുണ്ടായത്. പകല്‍ സമയത്ത് ഓടാന്‍ സമയമില്ലെന്നും അതുകൊണ്ടാണ് രാത്രിയില്‍ ഓടുന്നതെന്നുമാണ് പ്രദീപ് മെഹ്റ പറഞ്ഞത്. സൈന്യത്തില്‍ ചേരുക എന്നതാണ് തന്‍റെ ഏറ്റവും വലിയ സ്വപ്നമെന്നും മെഹ്റ വ്യക്തമാക്കി.

രാവിലെ എട്ടുമണിക്ക് ഉണര്‍ന്നാല്‍ പിന്നെ ഒന്നിനും സമയമില്ലെന്നും അതുകൊണ്ടാണ് നോയിഡ സെക്ടര്‍ 16ല്‍ നിന്നും ബറോളയിലേക്ക് ഓടുന്നതെന്നും പ്രദീപ് കാപ്രിയോട് പറഞ്ഞു. ഇളയ സഹോദരനോടും അമ്മയോടും ഒപ്പമാണ് പ്രദീപിന്‍റെ താമസം. അമ്മ രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലാണ്.

കാറോടിക്കുന്നതിനിടയില്‍ പ്രദീപിനോട് സംസാരിക്കുന്ന വീഡിയോയും കാപ്രി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതാണ് യഥാര്‍ഥ സ്വര്‍ണം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാല് മില്യണിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. വീഡിയോ കണ്ടവരെല്ലാം പ്രദീപിനെ അഭിനന്ദനം കൊണ്ടുമൂടുകയാണ്. ഇന്ത്യയുടെ ഈ ഭാവി ഈ വലിയ കൈകളിലാണെന്നും പ്രദീപ് അത്ഭുതപ്പെടുന്നുവെന്നുമാണ് കമന്‍റുകള്‍. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News