മായാവതിക്ക് ബി.ജെ.പി യുടെ ഭാഷ: ബൃന്ദ കാരാട്ട്
സമാജ്‍വാദി പാർട്ടി അധികാരത്തിലെത്തിയാൽ ഗുണ്ടാരാജ് തിരിച്ചെത്തുമെന്ന് മായാവതി പറഞ്ഞിരുന്നു
ബി.എസ്.പി നേതാവ് മായാവതിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മായാവതി ബി.ജെ.പി യുടെ ഭാഷയിലാണ് സംസാരിക്കുന്നത് എന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. യു.പി യിലെ മുസ്‍ലിംകള്‍ സമാജ്‍വാദി പാർട്ടിയെ അധികാരത്തിലെത്തിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും സമാജ്‍വാദി പാർട്ടി അധികാരത്തിലെത്തിയാൽ ഗുണ്ടാരാജും മാഫിയാ രാജും തിരിച്ചെത്തുമെന്നും മായാവതി പറഞ്ഞിരുന്നു.
"ഒരു സമുദായത്തെ മാത്രം ലക്ഷ്യം വച്ച് ബി.ജെ.പി സംസാരിക്കുന്നത് പോലെയാണ് മായാവതി സംസാരിക്കുന്നത്. ബി.ജെ.പി യുടെ ഭാഷ എനിക്ക് നന്നായറിയാം. ഈ തെരഞ്ഞെടുപ്പിൽ മുഴുവൻ അവർ വർഗീയതയുടെ ഭാഷയാണ് പ്രചരണത്തിനുപയോഗിച്ചത്. ഇത് ബി.ജെ.പി യുടെ പരാജയത്തിലേക്കാണ് നയിക്കുക.യു.പി യിൽ യോഗി ആദിത്യനാഥിനെതിരെ ജനവികാരം നിലനിൽക്കുന്നുണ്ട്. അത് കൊണ്ട് ബി.ജെ.പി ഇക്കുറി പരാജയമേറ്റു വാങ്ങും"- ബൃന്ദ കാരാട്ട് പറഞ്ഞു.
ഉത്തർപ്രദേശിൽ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒൻപത് ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. കർഷക കൂട്ടക്കൊല നടന്ന ലഖിംപൂർ ഖേരി, റായ്ബറേലി, ഉന്നാവ്, പിലിഭിത്ത്, സീതാപൂർ എന്നിവ ഇന്ന് വിധിയെഴുതുന്ന ജില്ലകളിൽ ഉൾപ്പെടും.
624 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. സവായജ പൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. 15 പേരാണ് ഇവിടെ അങ്കത്തിനിറങ്ങിയിരിക്കുന്നത്. മത്സരിക്കുന്നവരിൽ 37 ശതമാനം പേര്‍ കോടീശ്വരന്മാരാണ്. 27 ശതമാനത്തിന്റെ പേരിൽ ക്രിമിനൽ കേസുണ്ട്.