ജാർഖണ്ഡിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ പോയ മലയാളികളെ ഗ്രാമവാസികൾ ബന്ദികളാക്കി
നാട്ടിലേക്ക് വരാൻ 15 തൊഴിലാളികൾ തയ്യാറാണെന്നതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ ബസുമായി പോയപ്പോൾ നാട്ടുകാർ ബന്ധികളാക്കുകയായിരുന്നു
റാഞ്ചി: ജാർഖണ്ഡിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ ബസും രണ്ടു ജിവനക്കാരെയും ഗ്രാമവാസികൾ ബന്ദിയാക്കി. ഇടുക്കി സ്വദേശികളായ അനിൽ, ദേവികുളം ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. കേരളാ പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഇവരെ മോചിപ്പിച്ചു.
കഴിഞ്ഞ 10ാം തീയതി കട്ടപ്പനയിൽ നിന്നും തൊഴിലാളികളുമായി പോയതായിരുന്നു ബസ്. സാധാരണരീതിയിൽ തിരികെ വരുമ്പോൾ അവിടെ നിന്ന് തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരികയുമാണ് പതിവ്. അതിന്റെ അടിസ്ഥാനത്തിൽ രണ്ടുദിവസം ഡ്രൈവറും ക്ലീനറും ജാർഖണ്ഡിലെ ഒരു ഗ്രാമത്തിൽ തങ്ങുകയായിരുന്നു.
നാട്ടിലേക്ക് വരാൻ 15 തൊഴിലാളികൾ തയ്യാറാണെന്നതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ ബസുമായി പോയപ്പോൾ നാട്ടുകാർ ബന്ധികളാക്കുകയായിരുന്നു. നേരത്തെ തൊഴിലാളികൾക്ക് ലഭിക്കേണ്ട വേതനം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ബസും വാഹനവും തടഞ്ഞുവെച്ചത്.
സംഭവം ജാർഖണ്ഡ് പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടൽ ഉണ്ടായില്ല. തുടർന്ന് ജീവനക്കാർ കേരളാ പൊലീസീന് വിളിക്കുകയായിരുന്നു. തുടർന്ന് ഇന്റലിജൻസ് എഡിജിപി ജാർഖണ്ഡ് പൊലീസുമായി ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ ജാർഖണ്ഡ് പൊലീസ് ഇവരെ മോചിപ്പിക്കുകയുമായിരുന്നു. നിലവിൽ ബസ് ഗ്രാമവാസികൾ പിടിച്ചുവെച്ചിരിക്കുകയാണ്. മൂന്ന് ലക്ഷ രൂപ നൽകിയാൽ മാത്രമേ ബസ് വിട്ട് നൽകുകയുള്ളൂവെന്നാണ് ഗ്രാമവാസികൾ അറിയിച്ചിരിക്കുന്നത്.