സി.എ.എ സമരം: ഗുൽഫിഷ ഫാത്തിമ അറസ്റ്റിലായിട്ട് നാല് വർഷം
തിഹാർ ജയിലധികൃതർ നിരന്തരമായി ദ്രോഹിക്കുന്നതായി അവർ വിചാരണക്കോടതിയിൽ പരാതിപ്പെട്ടിരുന്നു
ന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ജാമിയ മില്ലിയ വിദ്യാർഥിനി ഗുൽഫിഷ ഫാത്തിമയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ട് നാല് വർഷം. 2020 ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപങ്ങളുടെ തുടർച്ചയായി ജാഫറാ ബാദിലുണ്ടായ സംഘർഷങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിലിൽ ഒമ്പതിനാണ് സീലംപൂർ സ്വദേശിനിയായ ഗുൽഫിഷ ഫാത്തിമയെ അറസ്റ്റ് ചെയ്തത്.
കലാപം സൃഷ്ടിക്കൽ, പൊലീസിനെ അക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ആ വർഷം മേയ് 13 ന് ഡൽഹിയിലെ കോടതി കേസുകളിൽ ജാമ്യം അനുവദിച്ചെങ്കിലും ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി. ഇതോടെ ജയിലിൽ നിന്ന് പുറത്തിറങ്ങാനായില്ല. ഏപ്രിൽ 18 നാണ് ജാമിയയിലെ വിദ്യാർഥി നേതാക്കളായ സഫൂർ സർഗറിനും മീരാൻ ഹൈദറിനുമൊപ്പം ഗുൽഫിഷക്കുമെതിരെ യു.എ.പി.എ ചുമത്തിയത്.
എം.ബി.എ ബിരുദധാരിയാണ് ഗുൽഫിഷ. ഇടക്കാല ജാമ്യാപേക്ഷയിൽ തിഹാർ ജയിലധികൃതർ നിരന്തരമായി ദ്രോഹിക്കുന്നതായി അവർ വിചാരണക്കോടതിയിൽ പരാതിപ്പെട്ടിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ജയിലധികൃതരായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു.