കോവിഡ് വാക്‌സിനേഷൻ പൂർത്തിയായാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കാണ് അമിതാ ഷാ ഇതുമായി ബന്ധപ്പെട്ട് ഉറപ്പ് നൽകിയത്

Update: 2022-08-02 14:59 GMT
Advertising

ഡല്‍ഹി: കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി നേതാവും പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കാണ് അമിതാ ഷാ ഉറപ്പ് നല്‍കിയത്. ബംഗാളില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഘടനാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എത്തിയതായിരുന്നു സുവേന്ദു അധികാരി. പാര്‍ലമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

കോവിഡ് വാക്‌സിനേഷൻ മൂന്നാം ഡോസ് പൂർത്തിയാകുന്ന മുറക്ക് സി.എ.എയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി തന്നോട് പറഞ്ഞതായി സുവേന്ദു അധികാരി വ്യക്തമാക്കി. 2022 ഏപ്രിലിലാണ് ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ ആരംഭിച്ചത്. ഇത് ഒമ്പത് മാസംകൊണ്ട് പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.  

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനാണ് സി.എ.എ നടപ്പാക്കുന്നത്. 2019 ഡിസംബർ 11നാണ് പാർലമെന്റ് സി.എ.എ പാസാക്കുന്നത്. പിറ്റേദിവസം തന്നെ വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News