സര്‍ക്കാര്‍ കമ്പനികളിലും കോർപ്പറേഷനുകളിലുമുള്ള നിക്ഷേപം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്
2020-21 സാമ്പത്തിക കണക്കനുസരിച്ച് 10,000 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ നിക്ഷേപിച്ചത്
ഡല്‍ഹി: സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലും കോർപ്പറേഷനുകളിലുമുള്ള നിക്ഷേപം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് സി.എ.ജി റിപ്പോർട്ട്. 2020-21 സാമ്പത്തിക കണക്കനുസരിച്ച് 10,000 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ നിക്ഷേപിച്ചത്. എന്നാൽ 1.09 ശതമാനം ആദായം മാത്രമാണ് ഈ കമ്പനികളിൽ നിന്നുണ്ടായതെന്നും സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൂന്ന് സ്റ്റാറ്റ്യൂട്ടറി കോർപ്പറേഷനുകൾ,117 സർക്കാർ കമ്പനികൾ, 40 കൂട്ടുടമ കമ്പനികൾ എന്നിവയിലെല്ലാം കൂടി കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനസുരിച്ച് ആകെ നിക്ഷേപം 10,664 കോടി രൂപ. ആകെ വരവായി ഈ കമ്പനികളിൽ നിന്ന് ലഭിച്ചത് 110 കോടി രൂപ മാത്രം. നിക്ഷേപിക്കുന്ന തുക കൂടിയപ്പോൾ കിട്ടുന്ന ആദായം കുറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്ക് 752 കോടി, കശുവണ്ടിക്ക് 557 കോടി,കൈത്തറിക്ക് 54 കോടി എന്നിങ്ങനെയാണ് വരുമാനമില്ലാത്ത കോർപ്പറേഷനുകളിലേയും കമ്പനികളിലെയും ആകെ സർക്കാർ നിക്ഷേപം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 146 കോടി രൂപ. നഷ്ടത്തിലുള്ള 8 കമ്പനികൾക്കായി 315 കോടിയും പ്രവർത്തിക്കാത്ത 16 കമ്പനികളിൽ കുടുങ്ങി സി.എ.ജി റിപ്പോർട്ട് വിവരിക്കുന്നു. നഷ്ടത്തിലായ കമ്പനികളില്‍ സര്‍ക്കാര്‍ നിക്ഷേപം തുടരുന്നത് ധനസ്ഥിതിയെന്ന് ബാധിക്കുന്നുവെന്നാണ് സി.എ.ജി കണ്ടെത്തല്‍. മുതൽ മുടക്കിൽ നിന്ന് ആദായം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയണം. ധനസഹായമായി അനുവദിക്കാതെ കൊടുക്കുന്ന തുക വീണ്ടെടുക്കാനുള്ള നടപടികളുണ്ടാകണമെന്നും സി.എ.ജി നിര്‍ദേശിക്കുന്നു. നിക്ഷേപം നടത്തുന്നതിന് പുറമെ ഈ സ്ഥാപനങ്ങൾക്ക് സർക്കാർ വായ്പകളും മുൻകൂറുകളും നൽകുന്നു. വായ്പകളിന്മേൽ കിട്ടിയ പലിശയാകട്ടെ ഒരു ശതമാനത്തിൽ താഴെയും. ഈ വര്‍ഷം നല്‍കിയ ആകെ വായ്പകളില്‍ വായ്പാ തിരിച്ചടവിന്‍റേയും പലിശയുടേയും നിബന്ധനകളൊന്നും നിശ്ചയിക്കാതെയാണ് ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.