ആഗസ്ത് 18ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ബംഗാളിലെ നദിയ

കാർട്ടോഗ്രാഫിക് പിശക് കാരണമാണ് ഇങ്ങനെ സംഭവിച്ചത്

Update: 2021-08-18 05:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലോകെമ്പാടുമുള്ള ഇന്ത്യാക്കാര്‍ ആഗസ്ത് 15ന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുമ്പോള്‍ പശ്ചിമബംഗാളിലെ നദിയ ജില്ലയിലെ ഷിബ്നിബാസ് ഗ്രാമം ആഗസ്ത് 18നാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. കാർട്ടോഗ്രാഫിക് പിശക് കാരണമാണ് ഇങ്ങനെ സംഭവിച്ചത്. രണ്ട് തവണയായിട്ടാണ് ഇവിടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ആഗസ്ത് 15ന് ഔദ്യോഗികാഘോഷത്തോടൊപ്പം പങ്കുചേരുന്നതിനോടൊപ്പം 18ന് ജനകീയ സ്വാതന്ത്ര്യദിനാഘോഷവും ഇവിടെ നടക്കുന്നു.

1947 ആഗസ്ത് 15ന് രാജ്യമെങ്ങും സ്വാതന്ത്ര്യത്തിന്‍റെ മധുരം നുകരുമ്പോള്‍ നദിയ ജില്ലക്കാര്‍ക്ക് മാത്രം ആ സന്തോഷം ആസ്വദിക്കാന്‍ സാധിച്ചില്ല. അതിര്‍ത്തിരേഖ നിര്‍ണയിച്ച സിറില്‍ റാഡ്ക്ലിഫിന് പറ്റിയ ഒരു കയ്യബദ്ധമായിരുന്നു ഇതിനു കാരണം. ഭൂപടത്തില്‍ നദിയജില്ല പൂര്‍ണമായി പാകിസ്താന് വിട്ടുകൊടുക്കുന്ന രീതിയിലാണ് രേഖ വരച്ചത്. നദിയ പാകിസ്താന്‍റെ ഭാഗമായിരിക്കുമെന്നായിരുന്നു ആഗസ്ത് 12ന് ഓള്‍ ഇന്ത്യ റേഡിയോയിലൂടെ വന്ന പ്രഖ്യാപനം. ഇതോടെ പാക് അനുകൂലികള്‍ കൃഷ്ണനഗര്‍ ലൈബ്രറിക്ക് സമീപം അവരുടെ പതാക ഉയര്‍ത്തി.

പ്രതിഷേധസൂചകമായി നദിയയില്‍ ജനങ്ങള്‍ രണ്ടു ദിവസം ബന്ദാചരിച്ചു. 1947 ആഗസ്ത് 15ന് ബ്രിട്ടീഷ് സർക്കാരിനെതിരായി തുടങ്ങിയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് നാദിയയിലെ രാജകുടുംബത്തിലെ 38 -ാമത് മഹാരാജാവും ശയമ പ്രസാദ് മുഖർജിയെ പോലുള്ള രാഷ്ട്രീയ നേതാക്കളുമായിരുന്നു. പിന്നീട് മഹാരാജാവ് മൗണ്ട് ബാറ്റന്‍ പ്രഭുവിനെ കണ്ടു. അദ്ദേഹം റാഡ്ക്ലിഫിനെ വിളിച്ച് പുനഃപരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ആഗസ്ത് 17നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.

തുടര്‍ന്ന് റാഡ്ക്‌ളിഫ് തനിക്ക് അബദ്ധം പറ്റിയതാണെന്ന് പ്രഖ്യാപിച്ചു. നദിയ ജില്ലയിലെ കൃഷ്ണനഗര്‍, റാണാഘട്ട് സബ്ഡിവിഷനുകള്‍ ഇന്ത്യയിലുള്‍പ്പെടുത്തി അതിര്‍ത്തി മാറ്റിവരച്ചെന്നും അറിയിച്ചു. ഈ പ്രഖ്യാപനം വന്നത് ആഗസ്ത് 18-നാണ്. റേഡിയോയില്‍ പ്രഖ്യാപനംവന്ന ഉടന്‍ ജനങ്ങള്‍ കൃഷ്ണനഗര്‍ ലൈബ്രറി പരിസരത്തേക്ക് ജാഥയായിച്ചെന്ന് പാക് പതാക താഴ്ത്തി ത്രിവര്‍ണപതാക ഉയര്‍ത്തി. ചൂര്‍ണി നദിക്കരയിലുള്ള ശിബ്‌നിവാസ് ഗ്രാമത്തിലാണ് ആഗസ്ത് 18ലെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റ പ്രധാന ചടങ്ങ് നടക്കാറുള്ളത്. തലമുറകളായി ഈ ചടങ്ങ് നടക്കുന്നുവെന്ന് വിപ്ലവകാരിയായ പ്രമനാഥ് സുകുലിന്‍റെ കൊച്ചുമകന്‍ അഞ്ജന്‍ സുകുല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

അതേസമയം നാദിയ മാത്രമല്ല, പശ്ചിമ ബംഗാൾ നോർത്ത് 24 പർഗാന ജില്ലയിലെ ബോംഗോൺ പ്രദേശത്തെ ചില ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി ഗ്രാമങ്ങളും ആഗസ്ത് 18ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News