യുവതിയുടെ വസ്ത്രം അഴിക്കാൻ ശ്രമിച്ചെന്ന്; സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസ്
2022ലെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ഇയാൾ പരാജയപ്പെട്ടിരുന്നു.
ലഖ്നൗ: യുവാവിനെ വീട്ടിൽ കയറി മർദിക്കുകയും ഇയാളുടെ ഭാര്യയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ സമാജ്‌വാദി പാർട്ടി നേതാവിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസ്.
ഉത്തർപ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. ഇവിടുത്തെ ഗുൽഷൻ യാദവ് എന്ന നേതാവ് അടക്കമുള്ളവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾ ഞായറാഴ്ച വൈകുന്നേരം വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിന്റെ പണം തട്ടിയെടുക്കുകയും മർദിക്കുകയും തന്റെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ യാദവ് ഉൾപ്പെടെ ആറ് പേർക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് രോഹിത് മിശ്ര പറഞ്ഞു.
2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര എംഎൽഎ രഘുരാജ് പ്രതാപ് സിങ്ങിനെതിരെ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് യാദവ് പരാജയപ്പെട്ടിരുന്നു.