'സ്‌കൂളുകളില്‍ ഭഗവദ് ഗീത മാത്രമല്ല ഖുര്‍ആനും ബൈബിളും പഠിപ്പിക്കട്ടെ'; ഗുജറാത്ത് സര്‍ക്കാരിനോട് കത്തോലിക്കാ ബോര്‍ഡ്
എല്ലാവര്‍ക്കും സ്വന്തം വിശ്വാസവും ജീവിതരീതിയും ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരാനുള്ള സ്വാതന്ത്ര്യമുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യയെ നമ്മള്‍ കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന് ഗുജറാത്ത് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തലിക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സെക്രട്ടറി ടെലെസ് ഫെര്‍നാന്‍ഡസ്
ഗുജറാത്ത് സ്‌കൂളുകളില്‍ ഭഗവദ് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള നീക്കത്തില്‍ പ്രതികരിച്ച് കത്തോലിക്കാ ബോര്‍ഡ്. ഭഗവദ് ഗീതയ്‌ക്കൊപ്പം ഖുര്‍ആനും ബൈബിളും അടക്കമുള്ള മറ്റ് വേദഗ്രന്ഥങ്ങളും സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് മിര്‍സാപൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുജറാത്ത് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തലിക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്(ജി.ഇ.ബി.സി.ഐ) ആവശ്യപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
''2022-23 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറുമുതല്‍ 12 വരെ ഭഗവദ് ഗീത അവതരിപ്പിക്കാനുള്ള തീരുമാനം ഒരു വിഷയമല്ല. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ മതബഹുസ്വരത കണക്കിലെടുക്കുമ്പോള്‍ ചെറിയ വിദ്യാര്‍ത്ഥികളുടെ മനസുകളില്‍ ലോകത്തെ പ്രധാന മതങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുര്‍ആന്റെയും അവെസ്തയുടെയും ബഹാഇയുടെയും ബൈബിളിന്റെയും തനാഖിന്റെയും തല്‍മൂദിന്റെയും ഗുരു ഗ്രന്ഥ് സാഹിബിന്റെയുമെല്ലാം രുചി പകര്‍ന്നുനല്‍കേണ്ടത് അനിവാര്യമാണ്.'' ഗുജറാത്ത് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ജി.ഇ.ബി.സി.ഐ സെക്രട്ടറി ടെലെസ് ഫെര്‍നാന്‍ഡസ് പറഞ്ഞു.
എല്ലാവര്‍ക്കും സ്വന്തം വിശ്വാസവും ജീവിതരീതിയും ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരാനുള്ള സ്വാതന്ത്ര്യമുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യയെ നമ്മള്‍ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും ടെലെസ് ഫെര്‍നാന്‍ഡസ് ആവശ്യപ്പെട്ടു. ഇന്ത്യ എപ്പോഴും എല്ലാവരെയും തുറന്ന കൈയോടെയാണ് സ്വീകരിച്ചിട്ടുള്ളത്. പകരമായി ഇന്ത്യ എന്ന മനോഹരമായ ആശയത്തിലേക്ക് സംഭാവനകളര്‍പ്പിക്കുകയാണ് അവരെല്ലാം ചെയ്തത്. അത് ലോകം പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തതാണെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസനയത്തിലാണ് സ്‌കൂളുകളില്‍ ഭഗവദ് ഗീത നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 2022-23 അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ സംസ്‌കാരവും വിജ്ഞാന സംവിധാനവും ഉള്‍പ്പെടുത്തുന്നതിനായാണ് ഭഗവദ് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
എല്ലാ മതത്തില്‍പ്പെട്ടവരും ഈ മൂല്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ പ്രാര്‍ഥനകളില്‍ ഭഗവദ് ഗീതയിലെ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തും. ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി ശ്ലോകം ചൊല്ലല്‍, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളും സ്‌കൂളുകളില്‍ സംഘടിപ്പിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു.
Summary: Catholic education body writes to Gujarat CM to include all holy books in school curriculum