കാർത്തി ചിദംബരം ഉൾപ്പെട്ട വിസ തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

കാർത്തി ചിദംബരത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് എസ്. ഭാസ്‌കർ രാമനാണ് അറസ്റ്റിലായത്

Update: 2022-05-18 03:44 GMT
Advertising

ന്യൂഡല്‍ഹി: കാർത്തി ചിദംബരം ഉൾപ്പെട്ട വിസ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ. കാർത്തി ചിദംബരത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് എസ്. ഭാസ്കർ രാമനാണ് അറസ്റ്റിലായത്. ഇന്നലെ ഭാസ്കർ രാമന്റെ വീട്ടില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. 

2011ൽ ചൈനീസ് പൗരന്മാർക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചു നൽകിയ കേസിലാണ് ഇപ്പോൾ കാർത്തി ചിദംബരം അന്വേഷണം നേരിടുന്നത്. പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് ആരോപിക്കപ്പെടുന്നത്. നേരത്തെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കമുള്ള നിരവധി കേസുകൾ കാർത്തി ചിദംബരത്തിനെതിരെയുണ്ട്.

കഴിഞ്ഞ ദിവസം കാർത്തി ചിദംബരത്തിന്റെ വസതികളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഡൽഹി, ചെന്നൈ, മുംബൈ, പഞ്ചാബ്, കർണാടക, ഒഡിഷ എന്നിവിടങ്ങളിലുള്ള കാർത്തിയുടെ വസതികളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്. ഡൽഹിയിലെ ചിദംബരത്തിന്റെയും കാർത്തിയുടെയും ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നു. 

താൻ പ്രതിയാകാത്ത കേസിലാണ് റെയ്‌ഡെന്നും അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും രാജ്യസഭാ അംഗം കൂടിയായ ചിദംബരം പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. ഇത് എത്രാമത്തെ തവണയാണ് നടക്കുന്നത്. എന്റെയടുത്ത് കണക്കില്ല. ഇതൊരു റെക്കോർഡ് തന്നെയാകുമെന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ പ്രതികരണം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News