'സി.ബി.ഐ തലവൻ മുതൽ തെരഞ്ഞെടുപ്പ് കമ്മീഷണർ വരെ'; സുപ്രധാന നിയമനങ്ങളിൽ ഇനി രാഹുൽ ഗാന്ധിയുടെ അഭിപ്രായവും നിർണായകം

കാബിനറ്റ് പദവിയുള്ള ലോക്‌സഭാ പ്രതിപക്ഷനേതാവിന് കേന്ദ്രമന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ലഭിക്കും.

Update: 2024-06-26 12:52 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്തെ സുപ്രധാന നിയമനങ്ങളിൽ ഇന്ന് രാഹുൽ ഗാന്ധിയുടെ അഭിപ്രായവും നിർണായകമാവും. സി.ബി.ഐ ഡയറക്ടർ, തെരഞ്ഞെടുപ്പ് കമ്മീഷണർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ, വിജിലൻസ് കമ്മീഷണർ തുടങ്ങിയവരെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ പ്രധാനമന്ത്രിക്കൊപ്പം ഇനി രാഹുൽ ഗാന്ധിയും അംഗമായിരിക്കും. ഈ നിയമനങ്ങളിലെല്ലാം പ്രധാനമന്ത്രിക്ക് രാഹുലിന്റെ അഭിപ്രായം കൂടി തേടേണ്ടിവരും.

കാബിനറ്റ് പദവിയുള്ള ലോക്‌സഭാ പ്രതിപക്ഷനേതാവിന് കേന്ദ്രമന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ലഭിക്കും. സൗജന്യ വിമാനയാത്ര, ട്രെയിൻ യാത്ര, ഔദ്യോഗിക വാഹനം തുടങ്ങിയ സൗകര്യങ്ങളെല്ലാം രാഹുൽ ഗാന്ധിക്കും ലഭിക്കും. സുപ്രധാന നിയമനങ്ങൾക്കുള്ള സമിതിയിൽ പ്രധാനമന്ത്രി, ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരാണ് അംഗങ്ങൾ.

പ്രതിപക്ഷനേതാവ് പദവി ലഭിക്കുന്നതിനുള്ള മിനിമം അംഗസംഖ്യയില്ലാത്തതിനാൽ കഴിഞ്ഞ 10 വർഷമായി ലോക്‌സഭയിൽ പ്രതിപക്ഷനേതാവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന ഇൻഡ്യാ മുന്നണി യോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോൺഗ്രസിന്റെ വിശാല പ്രവർത്തകസമിതി യോഗം നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ചേർന്നാണ് ഇരിപ്പിടത്തിലേക്ക് ആനയിച്ചത്. സ്പീക്കറെ അഭിനന്ദിച്ചുകൊണ്ടായിരുന്നു സഭയിൽ രാഹുലിന്റെ ആദ്യ പ്രസംഗം. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം ഉയർത്തുന്നതെന്നും സഭയുടെ സമ്പൂർണ നിയന്ത്രണം വഹിക്കുന്ന സ്പീക്കർ അത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News