സൈനിക ഹെലികോപ്ടർ അപകടം; രക്ഷപ്പെട്ട വരുൺസിങ്ങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി

അടുത്ത 48 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ

Update: 2021-12-09 07:38 GMT
Editor : Lissy P | By : Web Desk
Advertising

സൈനിക ഹെലികോപ്ടർ അപകടത്തിൽ നിന്ന് നിന്ന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ്ങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ശരീരത്തിൽ 85 ശതമാനത്തോളം പൊള്ളലേറ്റ വരുൺസിങ്ങിന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിൽ രക്ഷപ്പെട്ടത് വരുൺസിങ്ങ് മാത്രമായിരുന്നു. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്കാണ് ആദ്യം ഇദ്ദേഹത്തെ കൊണ്ടുപോയത്. ഇന്ന് കോയമ്പത്തൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്‌കാരം നേടിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. തേജസ് യുദ്ധവിമാനം പറത്തുന്നതിനിടയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അസാമാന്യ ധൈര്യത്തോടെ സാഹചര്യം കൈകാര്യം ചെയ്തതിനായിരുന്നു ആദരം. വിമാനത്തിൻറെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്. പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ് ധീരതയോടെ നേരിട്ട് വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു. വരുൺസിങ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രാർഥിക്കുന്നുവെന്നും രാഷ്ട്രപതി രാംകോവിന്ദ് ട്വീറ്റ് ചെയ്തു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News