അവിശ്വാസ പ്രമേയ ചർച്ചയിൽ ഉത്തരംമുട്ടി കേന്ദ്രം; രാഹുലിന്‍റെ പ്രസംഗം ഇന്ന്
രാഹുൽ ഗാന്ധി ആദ്യമേ പ്രസംഗം വേണ്ടെന്നു വച്ചതും ബി.ജെ.പിയിൽ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്
ന്യൂഡല്‍ഹി: പാർലമെന്റിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ ഉത്തരംമുട്ടി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് മണിപ്പൂർ സന്ദർശിക്കുന്നില്ല എന്ന ചോദ്യമാണ് ബി.ജെ.പിയെ കുഴപ്പിക്കുന്നത്. രാഹുൽ ഗാന്ധി ആദ്യമേ പ്രസംഗം വേണ്ടെന്നു വച്ചതും ബിജെപിയിൽ ആശയക്കുഴപ്പത്തിനിടയാക്കി.
അവിശ്വാസ പ്രമേയത്തിന്റെ ആദ്യ ദിവസം ആറുമണിക്കൂറിലേറെ സംസാരിച്ചിട്ടും തുടക്കത്തിൽ കോൺഗ്രസ് കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയി ഉന്നയിച്ച മൂന്നു ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ കഴിഞ്ഞില്ല. മണിപ്പൂർ സന്ദർശിക്കാത്തതും 80 ദിവസം മോദി മൗനം പാലിച്ചതും മുഖ്യമന്ത്രി ബീരേന് സിംഗിനെ സംരക്ഷിക്കുന്നതും അടക്കമുള്ള ചോദ്യങ്ങൾ ബി.ജെ.പിയുടെ ഉത്തരം മുട്ടിച്ചു . സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് ഡിഎംകെ അടക്കമുള്ള പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ കരുതലോടെയാണ് പ്രതികരിച്ചത്.
ബീരേന് സിംഗിനെ മാറ്റണമെന്ന ആവശ്യമാണ് ഭൂരിഭാഗം പ്രതിപക്ഷ അംഗങ്ങളൂം ഉന്നയിച്ചത്. മണിപ്പൂരിനെ സ്പർശിക്കാതെ, നെഹ്‍റു കുടുംബത്തെ കുറ്റപ്പെടുത്തിയാണ് ബി.ജെ.പി അംഗങ്ങൾ പ്രസംഗിച്ചത് . സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ വ്യക്തിഹത്യയിലേക്കു പോലും പല പ്രസംഗങ്ങളും തരം താണു. മണിപ്പൂർ കത്തുമ്പോൾ ഏഴുതവണ മോദി വിദേശ യാത്ര പോയെന്നു ടി എം സി കുറ്റപ്പെടുത്തി.
മണിപ്പൂർ സംഘർഷത്തെ ക്കുറിച്ചുള്ള അന്വേഷണത്തിന്റെ മേൽനോട്ടം സുപ്രിം കോടതി ഏറ്റെടുത്തത് തന്നെ ക്രമസമാധാന തകർച്ചയുടെ പരസ്യ സമ്മതമാണ്. സംസ്ഥാനങ്ങളിൽ കലാപങ്ങളും സംഘർഷവും ഉണ്ടാകുമ്പോൾ ശാന്തമമാക്കാനായി ഓടിയെത്തിയിരുന്ന മുൻ പ്രധാന മന്ത്രിമാരുമായിട്ടായിരുന്നു മോദിയെ താരതമ്യം ചെയ്തത്.ഇനിയെങ്കിലും സർവകക്ഷി യോഗം വിളിക്കണമെന്നും ഒളിച്ചോടരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാഹുലിൽ പിടിച്ചു കയറി പ്രത്യാക്രമണത്തിനു കോപ്പ് കൂട്ടിയ ബി.ജെ.പിയെ നിരാശരാക്കിയാണ് ഇന്നത്തേക്ക് പ്രസംഗം മാറ്റിയത്. ലോക്സഭയിൽ നിന്നും മോദി മാറി നിന്നതിനെയും പ്രതിപക്ഷം വിമർശിച്ചു.