'ശ്വാസകോശ രോഗികളെ നിരീക്ഷിക്കണം'; കോവിഡ് വ്യാപനം തടയാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ
ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഒത്തു ചേരലുകളിൽ വായു സഞ്ചാരം ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ. ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ ജില്ലാ തലത്തിൽ നിരീക്ഷിക്കണം. ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ ജില്ലാ തലത്തിൽ ഒരുക്കണം. ആശുപത്രികളിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടെ ശേഷി പരിശോധിക്കണം. ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഒത്തു ചേരലുകളിൽ വായു സഞ്ചാരം ഉറപ്പ് വരുത്തണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. വാക്‌സിൻ വിതരണം ഊർജിതമാക്കാനും കോവിഡ് മാർഗരേഖ പിന്തുടരാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
അതേസമയം സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ അവലോകനയോഗം ചേരുകയാണ്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർമാർ ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് മാസ്ക് ഉപയോഗം നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.