മണിപ്പൂരിൽ സമാധാന ശ്രമവുമായി കേന്ദ്രസർക്കാർ; കുകി, മെയ്തെയ് വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി

സംസ്ഥാനത്തെ സംഘർഷം ഉടനടി അവസാനിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

Update: 2023-07-27 16:13 GMT
Editor : Lissy P | By : Web Desk
Advertising

ഇംഫാല്‍: മണിപ്പൂരിൽ സമാധാന ശ്രമവുമായി കേന്ദ്രസർക്കാർ. കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി.  ഇന്‍റലിജൻസ് ബ്യൂറോയിലെ മുൻ അഡീഷണൽ ഡയറക്ടർ അക്ഷയ് മിശ്രയുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇരുവിഭാഗത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. 

സംസ്ഥാനത്തെ സംഘർഷം ഉടനടി അവസാനിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബന്ധപ്പെട്ടവരുമായി വിവിധ മാർഗങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. പ്രത്യേക ഭരണത്തിനുള്ള കുകി ആവശ്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാരിനോട് ആവശ്യപ്പെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയാതായി മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് പറഞ്ഞു. സഭയിൽ വിശദമായി ചർച്ച ചെയ്ത് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ സംഘർഷത്തിൽ ഇത്രയും നാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും പാർലമെന്റിൽ മണിപ്പൂരിനെക്കുറിച്ച് ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി ഉത്തരം പറയണമെന്നും ഒക്രം ഇബോബി സിംഗ് ആവശ്യപ്പെട്ടു.

അതേസമയം, ചുരചന്ദ്പൂരിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഗ്രാമത്തിന് കാവൽനിന്ന രണ്ടുപേർക്കാണ് വെടിയേറ്റത്.ചുരാചന്ദ്പൂർ ജില്ലയിലെ കാങ്‌വായിലാണ് വെടിവെപ്പ് ഉണ്ടായത്.

അതിനിടെ സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കാത്തത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ബിഹാർ സംസ്ഥാന വക്താവ് വിനോദ് ശർമ രാജിവച്ചു.മണിപ്പൂരിലെ നിലവിലെ അവസ്ഥ രാജ്യത്തെ നാണംകെടുത്തിയെന്നും ബിജെപി നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് വിനോദ് ശർമ രാജിവെച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News