മിസോറാമില്‍ കോവിഡ് ടിപിആര്‍ 18 ശതമാനമായി കുതിച്ചുയര്‍ന്നു; വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി
പുതുതായി രോഗം ബാധിച്ചവരില്‍ 322 പേര്‍ കുട്ടികളാണ്
മിസോറാമില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. ഡോ.വിനീത ഗുപ്തയുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് ഐസ്വാളില്‍ എത്തിയത്.
മിസോറാമില്‍ ഇന്നലെ മാത്രം 1681 പേര്‍ കോവിഡ് പോസിറ്റീവായി. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 99,856 ആയി ഉയര്‍ന്നു. പുതുതായി രോഗം ബാധിച്ചവരില്‍ 322 പേര്‍ കുട്ടികളാണ്. 9331 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 1681 പേര്‍ പോസിറ്റീവായത്. 18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതോടെയാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഡോ. വിനീത ഗുപ്തയുടെ നേതൃത്വത്തിലുളള നാലംഗ സംഘം ഐസ്വാളില്‍ എത്തി കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയത്. ഐസ്വാളില്‍ എത്തിയ സംഘം സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വിദഗ്ധരുമായും ചീഫ്‌മെഡിക്കല്‍ ഓഫീസറുമായും ചര്‍ച്ച നടത്തി. രോഗലക്ഷണമുള്ള രോഗികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, തുടങ്ങിയ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചു.