'യുപി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കണം': ആവശ്യവുമായി ബിജെപി നേതാവ്

കർഷകരോഷം കാരണം പടിഞ്ഞാറൻ യുപിയിലെ ഗ്രാമങ്ങളിലേക്ക് ബിജെപി നേതാക്കൾക്ക് പോകാനാകാത്ത സ്ഥിതിയാണെന്ന് ഉത്തര്‍പ്രദേശ് ബിജെപി പ്രവർത്തക സമിതി അംഗം റാം ഇഖ്ബാൽ സിങ് പറഞ്ഞു

Update: 2021-08-09 15:02 GMT
Editor : Shaheer | By : Web Desk
Advertising

കർഷക സമരത്തെ പിന്തുണച്ച് ഉത്തർപ്രദേശ് ബിജെപി നേതാവ്. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് പുതിയ കാർഷിക നിയമങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പിൻവലിക്കാമെന്ന് ബിജെപി സംസ്ഥാന പ്രവർത്തക സമിതി അംഗം റാം ഇഖ്ബാൽ സിങ് ആവശ്യപ്പെട്ടു. ലഖ്‌നൗവില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ കൃത്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പും കർഷകർക്കിടയിലെ രോഷവും മനസിലാക്കി മോദി സർക്കാര്‍ പുതിയ കാർഷിക നിയമങ്ങള്‍ പിൻവലിക്കണമെന്ന് റാം ഇഖ്ബാൽ സിങ് പറഞ്ഞു. കർഷകരോഷം കാരണം പടിഞ്ഞാറൻ യുപിയിലെ ഗ്രാമങ്ങളിലേക്ക് ബിജെപി നേതാക്കൾക്ക് പോകാനാകാത്ത സ്ഥിതിയാണ്. അധികം വൈകാതെ നേതാക്കളെ കർഷകർ ഘെരാവോ ചെയ്യാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മൂന്നാം തരംഗത്തിനുള്ള മുന്നൊരുക്കത്തിൽ സംസ്ഥാന സർക്കാരിനെ റാം ഇഖ്ബാൽ വിമർശിച്ചു. രണ്ടാം തരംഗത്തിൽനിന്ന് സർക്കാർ പാഠംപഠിച്ചില്ല. കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് തടയാൻ ഫലപ്രദമായ ഒരു തയാറെടുപ്പും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെഗാസസ് ഫോൺചോർത്തൽ വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ ജനാധിപത്യപരമായി പരിഗണിക്കണമെന്നും റാം ഇഖ്ബാൽ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുകയാണെങ്കിൽ സർക്കാർ അന്വേഷണവുമായി മുന്നോട്ടുപോകണം. പാർലമെന്റ് സുഗമമായി കൊണ്ടുപോകൽ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News