ഇൻഡ്യ സഖ്യത്തിന് ആത്മവിശ്വാസമായി ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പ് വിധി
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇൻഡ്യ സഖ്യത്തിന് സുപ്രീംകോടതി വിധി കരുത്തു പകരുമെന്ന പ്രതീക്ഷയിലാണ് സഖ്യം
ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന് ആത്മവിശ്വാസമായി ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിലെ സുപ്രീംകോടതി വിധി. അട്ടിമറിയിലൂടെ കൈവിട്ടു പോയ വിജയം നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാൻ പറ്റിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇൻഡ്യ സഖ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇൻഡ്യ സഖ്യത്തിന് സുപ്രീംകോടതി വിധി കരുത്തു പകരും.
എ എ പി കോൺഗ്രസ് സഖ്യം മത്സരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് ' എന്നാൽ പ്രിസൈഡിങ് ഓഫീസറെ ഉപയോഗിച്ച് ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. പിന്നാലെ നിയമ പോരാട്ടത്തിലൂടെ ഇൻഡ്യ സഖ്യം വിജയം സ്വന്തമാക്കിയപ്പോൾ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപെടുകയാണ് ചെയ്തത്.
ആസൂത്രണവും, കഠിനാധ്വാനവും കൊണ്ട് ബിജെപിയെ പരാജയപ്പെടുത്താൻ പറ്റുമെന്ന അരവിന്ദ് കേജ്‌രിവാളിന്റെ വാക്കുകൾ തിരഞ്ഞെടുപ്പ് വിജയത്തിലെ ആത്മവിശ്വാസം തുറന്നുകാട്ടുന്നു. അതേ സമയം സീറ്റ് വിഭജനം പൂർത്തിയാക്കാത്തതിൽ ഇൻഡ്യ സഖ്യത്തിൽ ആശങ്ക തുടരുകയാണ്.
പഞ്ചാബിലും ബംഗാളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജരിവാളും മമത ബാനർജിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഡൽഹിയിലും ഉത്തർപ്രദേശിലുമാണ് സീറ്റ് ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുന്നത്. സീറ്റ് ചർച്ചകൾക്കിടെയുളള തർക്കവും രൂക്ഷമാണ്. എന്നാൽ സീറ്റ് വിഭജന ചർച്ചകളിൽ സമവായത്തിൽ എത്തി ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മത്സരിക്കുവാനാണ് സഖ്യത്തിൻ്റെ ലക്ഷ്യം .