30 വർഷത്തെ നീണ്ട ഇടവേള; കശ്മീര്‍ വീണ്ടും സിനിമ തിയേറ്ററുകളിലേക്ക്

പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടുതിയേറ്ററുകൾ ഉദ്ഘാടനം ചെയ്തു

Update: 2022-09-20 05:55 GMT
Editor : Lissy P | By : Web Desk
Advertising


ശ്രീനഗർ: 30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ തിയേറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടുതിയേറ്ററുകൾ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് തിയേറ്ററുകൾ തുറന്നുകൊടുത്തത്.

' ജമ്മു കശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. പുൽവാമയിലും ഷോപ്പിയാനിലും മൾട്ടി പർപ്പസ് സിനിമ ഹാളുകൾ തുറന്നു. സിനിമ പ്രദർശനം, നൈപുണ്യ വികസന പരിപാടികൾ, യുവജനങ്ങളുടെ വിനോദ - വിജ്ഞാന പരിപാടികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു', ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ'യാണ് തിയേറ്ററുകളിൽ ആദ്യം പ്രദർശിച്ചത്.ഈ സിനിമയുടെ കുറച്ച് ഭാഗങ്ങൾ കശ്മീരിലാണ് ചിത്രീകരിച്ചിട്ടുള്ളത്. സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും അഭിനയിച്ച 'വിക്രം വേദ'യുടെ പ്രീമിയർ സെപ്തംബർ 30 ന് തിയേറ്ററുകളിൽ നടക്കും. നിലവിൽ ടിക്കറ്റുകൾ കൗണ്ടറിൽ നിന്നാണ് നൽകുന്നത്. ഓൺലൈൻ ടിക്കറ്റ് സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 'മൂന്ന് സ്‌ക്രീനുകൾളിലും കൂടി 520 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികൾക്കായി ഒരു കളിസ്ഥലവും സജ്ജീകരിക്കുമെന്നും ഉടമകൾ വ്യക്തമാക്കി. ഇനിമുതൽ സിനിമകൾ റിലീസ് ദിവസം തന്നെ പ്രദർശിപ്പിക്കുമെന്നും ഇവർ പറഞ്ഞു.

1980-കളിൽ ശ്രീനഗർ നഗരത്തിൽ കുറഞ്ഞത് എട്ട് തിയറ്ററുകളെങ്കിലും ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം സുരക്ഷാ സേനകളുടെ ക്യാമ്പുകളാക്കി മാറ്റുകയായിരുന്നു. 2021-ൽ ജമ്മു കശ്മീർ ഭരണകൂടം സിനിമകളുടെ ചിത്രീകരണത്തിന് പ്രോത്സാഹനം നൽകിയെങ്കിലും തിയേറ്ററുകളുടെ അഭാവം മൂലം വാണിജ്യ സിനിമകൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. തിയേറ്ററിന് പുറത്ത് പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News