'ഉച്ചഭക്ഷണത്തിൽ നിറയെ പുഴുവും കല്ലും'; സ്‌കൂളിനെതിരെ പരാതിയുമായി നാലാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ
അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ ടിസി നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥി
തെലങ്കാന: സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പുഴുവരിക്കുന്നെന്ന പരാതിയുമായി നാലാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ മീർപേട്ട് മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള സർക്കാർ പ്രൈമറി സ്‌കൂളിനെതിരെയാണ് പരാതിയുമായി വിദ്യാർഥി ലോക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഉച്ചഭക്ഷണത്തിൽ പുഴുവരിച്ചെന്നും ചിലപ്പോഴൊക്കെ ഭക്ഷണത്തിൽ കല്ലും ഉണ്ടെന്നും ചിലപ്പോൾ ഭക്ഷണം കഴിക്കാൻ വയ്യെന്നും വിദ്യാർഥി പറയുന്നു.
ഭക്ഷണത്തിൽ പുഴുവരിച്ചതായി നിരവധി തവണ സ്‌കൂൾ അധികൃതരോട് പരാതിപ്പെട്ടിട്ടും ടിസി നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു. ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയെന്ന വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ മീർപേട്ട് പൊലീസ് സ്റ്റേഷനിൽ വിദ്യാർത്ഥി കേസെടുത്തു.
പരാതി അന്വേഷിക്കാനായി മീർപേട്ട് പൊലീസ് സ്റ്റേഷൻ സിഐ മഹേന്ദർ റെഡ്ഡി ഉടൻ തന്നെ ജീവനക്കാരെ സ്‌കൂളിലേക്ക് അയച്ചു. പൊലീസുകാർ നടത്തിയ പരിശോധനയിൽ സ്‌കൂളിൽ നിന്ന് ചീഞ്ഞ പച്ചക്കറികളും കേടായ എണ്ണയും പ്രാണികളുള്ള അരിയും കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.