ഉച്ചഭക്ഷണസമയത്ത് ക്ലാസ് മുറിയുടെ ചുമർ ഇടിഞ്ഞു വീണു; ഭയന്നോടി വിദ്യാര്‍ഥികള്‍, ഒരാള്‍ക്ക് പരിക്ക്
അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു
വഡോദര: ഗുജറാത്തിലെ വഡോദരയിൽ സ്‌കൂൾ ക്ലാസ് മുറിയുടെ ചുമർ ഇടിഞ്ഞുവീണ് ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം നടന്നത്. മതിൽ ഇടിഞ്ഞുവീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു.
വഘോഡിയ റോഡിലുള്ള ശ്രീ നാരായൺ ഗുരുകുല സ്‌കൂളിന്റെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയുടെ ചുമരാണ് ഇടിഞ്ഞത്. കുട്ടികൾ ക്ലാസിൽ സംസാരിച്ചിരിക്കുന്നതും പെട്ടന്ന് മതിൽ ഇടിയുന്നതും ദൃശ്യങ്ങളിൽ കാണാം.കുട്ടികളെല്ലാവരും പേടിച്ച് ഓടുന്നതും ജനൽപ്പടിയിലിരുന്ന വിദ്യാർഥി താഴേക്ക് പതിക്കുന്നതും വീഡിയോയിലുണ്ട്.
ഉച്ചയ്ക്ക് 12.30ഓടെ ഉച്ചഭക്ഷണ ഇടവേളയ്ക്കിടെയാണ് അപകടം നടന്നതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് ചുമർ ഇടിഞ്ഞു വീണത് കണ്ടതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ രൂപാൽ ഷാ പറഞ്ഞു. അപകടത്തിൽ ഒരു വിദ്യാർഥിയുടെ തലക്ക് പരിക്കേറ്റിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർഥികളുടെ സൈക്കിളുകൾ നിർത്തിയിടുന്ന സ്ഥലത്തേക്കാണ് ചുമർ ഇടിഞ്ഞുവീണതെന്നും നിരവധി സൈക്കിളുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു.
വിവരമറിച്ചതിനെ തുടർന്ന് വഡോദര ഫയർഫോഴ്സ് സംഘം സ്‌കൂളിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തലക്ക് പരിക്കേറ്റ ഏഴാം ക്ലാസുകാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.