ഫ്രിഡ്ജില്‍ ചുറ്റിപ്പിടിച്ച് മൂര്‍ഖന്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ
പാമ്പിനെ കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു
ബെംഗളൂരു: പണ്ടത്തെ പോലെയല്ല, പാമ്പുകള്‍ എവിടെയാണ് പതുങ്ങിക്കിടക്കുകയെന്ന് പറയാന്‍ സാധിക്കില്ല. വീടിന്‍റെ മുക്കും മൂലയും എപ്പോഴും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. എന്തിന് വീട്ടുപകരണങ്ങളില്‍ പോലും ഒരു കണ്ണുണ്ടായിരിക്കണം. വീട്ടിലെ ഫ്രിഡ്ജില്‍ പോലും. കര്‍ണാടകയിലെ തുമകുരുവിലെ ഒരു വീട്ടിലെ റഫ്രിജറേറ്ററിന്‍റെ കംപ്രസറിനിടയില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മൂര്‍ഖന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ്.
പാമ്പിനെ കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശീലനം ലഭിച്ച ഒരു പാമ്പുപിടിത്തക്കാരന്‍ വീട്ടിലെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ പതുക്കെ വലിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയില്‍ മൂര്‍ഖന്‍ നിരവധി തവണ ചീറ്റുന്നതും വീഡിയോയില്‍ കാണാം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് പാമ്പുപിടിത്തക്കാരന്‍ മൂര്‍ഖനെ പുറത്തെടുത്തത്.
ശൈത്യകാലത്ത് പാമ്പുകള്‍ ചൂടുള്ള ഇടം തേടിപ്പോകാറുണ്ടെന്നും ചൂടുള്ളതുകൊണ്ടാണ് റഫ്രിജറേറ്ററിന്‍റെ കംപ്രസറിന് ചുറ്റും മൂർഖൻ ചുരുണ്ടുകൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈയിടെ മൈസൂരില്‍ ഷൂവിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു.