ബാത്‍റൂമില്‍ കയറിയപ്പോള്‍ ഫ്ലഷ് ടാങ്കിനു മുകളില്‍ അഞ്ചടി നീളമുള്ള മൂര്‍ഖന്‍; തലനാരിഴക്ക് രക്ഷപ്പെട്ട് രാജസ്ഥാന്‍ സ്വദേശി
രാജേന്ദ്ര ജംഗിദ് എന്നയാളുടെ വീട്ടിലെ ബാത്റൂമിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്
ജയ്പൂര്‍: വലിയൊരു ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് രാജസ്ഥാന്‍ സ്വദേശിയായ ഗോവിന്ദ് ശര്‍മ. കടുത്ത വിഷമുള്ള മൂര്‍ഖന്‍ പാമ്പില്‍ നിന്നാണ് ഗോവിന്ദ് രക്ഷപ്പെട്ടത്. രാജേന്ദ്ര ജംഗിദ് എന്നയാളുടെ വീട്ടിലെ ബാത്റൂമിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്.
കോത്ത സ്വദേശിയായ ഗോവിന്ദ് ബാത്‍റൂമില്‍ കയറിയപ്പോള്‍ ഫ്ലഷ് ടാങ്കിനു മുകളില്‍ പത്തി വിരിച്ചു നില്‍ക്കുന്ന മൂര്‍ഖനെയാണ് കണ്ടത്. ഞെട്ടിപ്പോയ ഗോവിന്ദ് പെട്ടെന്ന് തന്നെ കുളിമുറിക്ക് പുറത്തിറങ്ങി. തുടര്‍ന്ന് പാമ്പിനെ പിടികൂടി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ബെംഗളൂരുവിലും സമാനസംഭവമുണ്ടായി. ബംഗളൂരു നോർത്ത് ആന്ദ്രഹള്ളിയിലുള്ള ബാത്‍റൂമില്‍ കയറിയപ്പോഴാണ് പാമ്പിനെ കണ്ടത്. പാമ്പിന്‍റെ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് കമ്മോഡിനകത്ത് മൂര്‍ഖനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പാമ്പു പിടിത്തക്കാരനെ വിളിച്ച് പാമ്പിനെ പിടികൂടിയ ശേഷം ഹെസറഘട്ട വനത്തിലേക്ക് വിട്ടു.