നസുൽ ഭൂമി ബിൽ പാസാക്കാനായില്ല; ഉത്തർ പ്രദേശ് ബി.ജെ.പിയിൽ കലഹം തുടരുന്നു
സർക്കാർ കൊണ്ടുവന്ന ബില്ലിനെ എതിർത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഉത്തർ പ്രദേശ് ബി.ജെ.പിയിൽ രൂപപ്പെട്ട ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. ‘നസുൽ ഭൂമി’ ബില്ലുമായി ബന്ധപ്പെട്ട് പാർട്ടിയും സർക്കാറും രണ്ട് തട്ടിലാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തുടനീളമുള്ള നസുൽ ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിച്ച് കൊണ്ടുവന്ന ബില്ലാണിത്. ബുധനാഴ്ച ഉത്തർ പ്രദേശ് വിധാൻ സഭ ബില്ല് പാസാക്കിയിരുന്നു. എന്നാൽ, ബി.ജെ.പി എം.എൽ.എമാരുടെയും പാർട്ടി നേതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് ലെജിസ്ളേറ്റിവ് കൗൺസിലിന് ബില്ല് പാസാക്കാൻ സാധിച്ചില്ല. ബില്ലിൽ കൂടുതൽ ചർച്ചകൾക്കായി സെലക്ട് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തിരിക്കുകയാണ്.
പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധങ്ങൾക്കിടയിലാണ് വിധാൻ സഭയിൽ ബില്ല് പാസാക്കിയത്. തുടർന്ന് ലെജിസ്ലേറ്റിവ് കൗൺസിൽ മുമ്പാകെ വെക്കുകയായിരുന്നു. നസുൽ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യടിക്കിവെച്ചിരിക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പൊതുഉപയോഗങ്ങൾ, ഭരണഘടനാപരമായ പ്രവർത്തനങ്ങൾ, കുടിയിറക്കപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പ്രത്യേകമായി ഏറ്റെടുത്ത സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നസുൽ ലാൻഡ്. കാലങ്ങളായി ഈ ഭൂമികൾ പൊതു-സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും പാട്ടത്തിന് നൽകുകയും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ ഭൂമിയിൽ കഴിയുന്നത്.
തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്
ബിൽ വിധാൻ സഭയിൽ അവതരിപ്പിച്ചപ്പോഴും നിരവധി ബി.ജെ.പി അംഗങ്ങൾ ഇതിനെതിരെ രംഗത്തുവന്നു. ഹർഷവർധൻ സിങ്, സിന്ദാർഥ് നാഥ് സിങ് തുടങ്ങിയവരാണ് ബില്ലിനെ എതിർത്തത്. ബ്രിട്ടീഷ് കാലം മുതൽ നസുൽ ഭൂമിയിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കാൻ ഇത് കാരണമാകുമെന്ന് എം.എൽ.എമാർ കുറ്റപ്പെടുത്തി. ഇത് പാസായാൽ വലിയ തിരിച്ചടിയാകും. ഇതിന്റെ അനന്തരഫലങ്ങൾ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിടേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇത് പ്രതിപക്ഷത്തിന് വലിയൊരു ആയുധമാകും. അതിന് മറുപടി നൽകാൻ ബി.ജെ.പിക്ക് സാധിക്കില്ല. ഇത് ജനങ്ങളെ പാർട്ടിക്കെതിരാക്കുമെന്നും ബി.ജെ.പി എം.എൽ.എമാർ മുന്നറിയിപ്പ് നൽകി.
ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രിജേഷ് പഥക് എന്നിവർ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കൗൺസിൽ അംഗവുമായ ഭൂപേന്ദ്ര ചൗദരിയാണ് കൂടുതൽ ചർച്ചക്കായി ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടാൻ നിയമസഭയിൽ ആവശ്യപ്പെട്ടത്. കമ്മിറ്റി ബിൽ പരിശോധിക്കുകയും രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. അതിന് ശേഷം വീണ്ടും നിയമസഭയിൽ ചർച്ചയ്ക്ക് വെക്കും.
നിരവധി ബി.ജെ.പി നേതാക്കളും എം.എൽ.എമാരും ബില്ലിനെ എതിർത്തെങ്കിലും മുതിർന്ന മന്ത്രിമാരുടെ ഇടപെടലിനെ തുടർന്നാണ് ബില്ല് വിധാൻ സഭ പാസാകുന്നത്. ഉപമുഖ്യമന്ത്രി മൗര്യയും യോഗി ആദിത്യനാഥും തമ്മിൽ ഭിന്നത രൂക്ഷമാണ്. ഇതിനിടയിലാണ് ബില്ലുമായി ബന്ധപ്പെട്ട തർക്കവും ഉടലെടുത്തിരിക്കുന്നത്.
ബിൽ പിൻവലിക്കണമെന്ന് അഖിലേഷ് യാദവ്
മനുഷ്യത്വ രഹിതമായ നസുൽ ലാൻഡ് ബിൽ പിൻവലിക്കണമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. വീടുകളെ പൂർണമായും പിഴുതെറിയാൻ വേണ്ടിയാണ് ഈ നിയമം കൊണ്ടുവരുന്നത്. കാരണം ഒരു ബുൾഡോസറിന് എല്ലാ വീടുകളുടെയും മുകളിലൂടെ പോകാൻ സാധിക്കില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് ബി.ജെ.പി. അവർ അധികാരത്തിൽ വന്നത് മുതൽ ഉപജീവനത്തിനും തൊഴിലിനുമായി ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ പാർട്ടി അവരുടെ വീടുകളും തട്ടിയെടുക്കാൻ ആഗ്രഹിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
ചില ആളുകൾക്ക് രണ്ട് വീടുകൾ ഉണ്ടാകും. എന്നാൽ, എല്ലാവരും അവരെപ്പോലെയാകില്ല. ജനവാസ കേന്ദ്രങ്ങൾ പൊളിച്ചടുക്കുന്നതിലൂടെ ബി.ജെ.പിക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കാൻ സാധിക്കുക? ഭൂമാഫിയക്ക് വേണ്ടിയാണോ ബി.ജെ.പി ജനങ്ങളെ ഭവനരഹിതരാക്കുന്നത്? ഈ പദ്ധതി ശരിയാണെന്ന് ബി.ജെ.പി വിചാരിക്കുന്നുണ്ടെങ്കിൽ, രാജ്യത്തുടനീളും അത് നടപ്പാക്കാൻ ഞങ്ങൾ അവരെ വെല്ലുവിളിക്കുകയാണ്. ഉത്തർ പ്രദേശിൽ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള ഭൂമിയുണ്ട്. അതിനാൽ തന്നെ ഈ ബിൽ ശാശ്വതമായി പിൻവലിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.