ചെങ്കടലിലെ സംഘർഷം: ഇന്ത്യയിൽനിന്നുള്ള കയറ്റുമതി പ്രതിസന്ധിയിൽ, നഷ്ടം കോടികൾ
പല തുറമുഖങ്ങളിലും ബസ്മതി അരി കെട്ടിക്കിടക്കുന്നു, വില വർധിച്ചതിനാൽ ആവശ്യക്കാർ കുറഞ്ഞു
ന്യൂഡല്‍ഹി: ചെങ്കടലിലെ സംഘർഷം രൂക്ഷമാവുകയും കപ്പലുകൾ റൂട്ട് മാറിപ്പോവുകയും ചെയ്യുന്നത് ഇന്ത്യയിൽനിന്നുള്ള വിവിധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെയും ബാധിക്കുന്നതായി റിപ്പോർട്ട്. വില കൂടിയതിനാൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വിദേശരാജ്യങ്ങൾ കുറച്ചിരിക്കുകയാണ്.
ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന ബസ്മതി അരിയുടെ വില വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഇതിന്റെ ആവശ്യക്കാർ കുറയുകയാണ്.
ഗസ്സയില്‍ നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതികള്‍ ആക്രമണം തുടരുകയാണ്. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കയും ബ്രിട്ടനും പ്രത്യാക്രമണങ്ങൾ നടത്തുന്നുണ്ട്. ഇതിനാല്‍ തന്നെ ഭൂരിഭാഗം ഷിപ്പിങ് കമ്പനികളും ഈ റൂട്ട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി.
ചെങ്കടലിൽനിന്ന് സൂയസ് കനാല്‍ വഴിയുള്ള യാത്ര ഒഴിവാക്കി ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റിവേണം കപ്പലുകള്‍ക്ക് യൂറോപ്പിലെത്താന്‍. ഇതിന് 6500 കിലോമീറ്ററിലധികം സഞ്ചരിക്കണം. ഏകദേശം 15 ദിവസത്തോളം അധികം വരും ഈ യാത്രക്ക്. ഇതിനാൽ തന്നെ ചെലവും വളരെയധികം വര്‍ധിച്ചു.
ഇതാണ് ഇന്ത്യന്‍ ബസ്മതി അരിയെയും ബാധിച്ചത്. ഇന്‍ഷുറന്‍സ് പ്രീമിയം, കപ്പലുകളുടെ കുറവ്, യാത്രയുടെ ദൈര്‍ഘ്യം എന്നിവയെല്ലാം കാരണം അഞ്ചിരട്ടിയായി ചെലവ് ഉയര്‍ന്നിട്ടുണ്ടെന്നും ബസ്മതി അരി ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്നത് വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും ചമന്‍ ലാല്‍ സെറ്റിയ എക്‌സ്‌പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടറും ഓള്‍ ഇന്ത്യ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ വിജയ് കുമാര്‍ സേതിയ പറയുന്നു.
ഉയര്‍ന്ന വിലക്ക് അരി വാങ്ങാന്‍ വിതരണക്കാര്‍ മടിക്കുകയാണ്. ഏതാനും കയറ്റുമതികള്‍ മാത്രമാണ് നടക്കുന്നത്. എന്നാല്‍, വ്യാപാരം അത്ര സുഖകരമല്ല. ചരക്ക് ഗതാഗത നിരക്ക് കൂടിയാതിനാല്‍ ലാഭം കുറഞ്ഞെന്നും സേതിയ വ്യക്തമാക്കുന്നു.
കയറ്റുമതി ചെയ്യാനുള്ള അരി പല തുറമുഖങ്ങളിലും കെട്ടിക്കിടക്കുകയാണ്. ഇതില്‍ നല്ലൊരു ശതമാനവും ആഭ്യന്തര മാര്‍ക്കറ്റില്‍ വിറ്റഴിച്ചു. ഇത് പ്രാദേശിക വിപണിയില്‍ ഏകദേശം എട്ട് ശതമാനം വിലയിടിവിനും കാരണമായി.
ലോകത്തില്‍ തന്നെ ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 4.5 ദശലക്ഷം ടണ്‍ ബസ്മതി അരിയാണ് കയറ്റി അയക്കുന്നത്. ഇതിൽ 35 ശതമാനം ചെങ്കടലിലൂടെ യൂറോപ്പ്, വടക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്.
ബസ്മതി അരിക്ക് പുറമെ ചായപ്പൊടി, സുന്ധദ്രവ്യങ്ങള്‍, മുന്തിരി, ഇറച്ചി തുടങ്ങി വിവിധ വസ്തുക്കളുടെ കയറ്റുമതിയെയും ചെങ്കടലിലെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇത് എക്‌സ്‌പോര്‍ട്ടിങ് കമ്പനികള്‍ക്കടക്കം വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നത്. കൂടാതെ ഇന്ത്യയിലേക്കുള്ള രാസവളങ്ങള്‍, സൂര്യകാന്തി എണ്ണ, വിവിധ യന്ത്രങ്ങള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും വൈകുന്നുണ്ട്. ഇത് രാജ്യത്ത് വിലവര്‍ധനവിന് കാരണമാകും.
യൂറോപ്പ്, വടക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുമായുള്ള വ്യാപാരത്തിന് ചെങ്കടല്‍ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ക്രിസില്‍ റേറ്റിങ്ങിന്റെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍നിന്നുള്ള 18 ട്രില്യണ്‍ രൂപയുടെ കയറ്റുമതിയുടെ 50 ശതമാനവും ഈ റൂട്ടിലൂടെയാണ്. കൂടാതെ 17 ട്രില്യണ്‍ രൂപയുടെ ഇറക്കുമതിയുടെ 30 ശതമാനവും ചെങ്കടല്‍ വഴിയാണ്.
നിലവില്‍ 21 മുതല്‍ 28 ദിവസം വരെയാണ് ചരക്ക് ഗതാഗതം വൈകുന്നത്. ഈ പ്രതിസന്ധി കാരണം രാജ്യത്തിന് 30 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നഷ്ടമാകുന്നതെന്ന് റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ ഡെവലപ്പിങ് കണ്‍ട്രീസിന്റെ ഡയറക്ടർ ജനറല്‍ സചിന്‍ ചതുര്‍വേദി പറഞ്ഞു. കഴിഞ്ഞവര്‍ഷം 6.8 ശതമാനം വര്‍ധനവില്‍ 451 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്.