രാജസ്ഥാനിൽ കോൺഗ്രസിനും ബി.ജെ.പിക്കും വിമത ഭീഷണി
അതേസമയം ബി.ജെ.പിയും കോൺഗ്രസും സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കി.
ജയ്പൂര്‍: രാജസ്ഥാനിൽ കോൺഗ്രസിനും ബി.ജെ.പിക്കും വിമത ഭീഷണി ആശങ്ക സൃഷ്ടിക്കുന്നു. ഇരുപതിലേറെ മണ്ഡലങ്ങളിലാണ് കോൺഗ്രസിന് വിമത ഭീഷണി.അതേസമയം ബി.ജെ.പിയും കോൺഗ്രസും സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കി.
ഭരണമാറ്റമെന്ന പതിവ് രീതി ആവര്‍ത്തിച്ചാല്‍ ബി.ജെ.പിക്കും ക്ഷേമ പദ്ധതികള്‍ ജനം അംഗീകരിച്ചാല്‍ കോണ്‍ഗ്രസിനും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇരുക്യാമ്പുകളും.എന്നാൽ 20 ലേറെ മണ്ഡലങ്ങളിൽ നേരിടുന്ന വിമത ഭീഷണി കോൺഗ്രസിന് തലവേദനയാവുകയാണ്. ഇതിനു പുറമെ സീറ്റ് നിഷേധിച്ച നിരവധി നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറിയതും തിരിച്ചടിയാകുമോ എന്ന ആശങ്കയും കോൺഗ്രസ് നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്.
മുൻമന്ത്രിയുമായ രാം ഗോപാൽ ബൈർവ, മുൻ എം.എൽ.എ അശോക് തൻവാൽ എന്നിവരടക്കമുള്ള നേതാക്കളാണ് ബി.ജെ.പിയിൽ എത്തിയത്.കോൺഗ്രസിന്‍റെ അത്രത്തോളം ഇല്ലെങ്കിലും വിമത ശല്യം ബി.ജെ.പിയെയും അലട്ടുന്നുണ്ട്.മന്ത്രി അർജുൻ റാംമേഘ് വാൾ, എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോഡ്, ദിയാകുമാരി എന്നിവർക്ക് വിമത ഭീഷണിയുണ്ട്. രാജ്യവർധൻ സിംഗ് റാത്തോഡിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ബി.ജെ.പി പ്രവർത്തകരുടെ ഭാഗത്തുണ്ടായത്.
ഒരുതരത്തിലും റാത്തോഡിന്‍റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകരുടെ നിലപാട്. അതേസമയം വിമതരെയും പാർട്ടി വിടുന്നവരെയും അനുനയിപ്പിക്കാൻ ബി.ജെ.പി-കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.