ഭവാനിപൂരില്‍ മമതക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ല
സെപ്തംബര്‍ 30 നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിന് നടക്കും
ബംഗാള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഭവാനിപൂരില്‍ മമതാ ബാനര്‍ജി പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. സെപ്തംബര്‍ 30 നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിന് നടക്കും.
ടി.എം.സി നേതാക്കളായ ജാക്കിര്‍ ഹുസൈന്‍,അമിറുള്‍ ഇസ്‍ലാം എന്നിവര്‍ ജംഗിപൂര്‍, സംസർഗഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കും. ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ബംഗാളിലെ മമതയുടെ തട്ടകമാണ് ഭവാനിപൂര്‍. മമത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ നിര്‍ണായകമാണ് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ്.
മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നു മത്സരിച്ച മമത, തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. മമതക്ക് മത്സരിക്കാന്‍ ഭവാനിപൂരിലെ തൃണമൂല്‍ എം.എല്‍.എ സോവന്‍ദേവ് ചതോപാധ്യായ രാജി വച്ചിരുന്നു. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.