‘തെരഞ്ഞെടുപ്പ് നീതിപൂർവം നടക്കുമോ?’; അരുൺ ഗോയലിന്റെ രാജിയിൽ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്

‘ഇത്തരം നടപടികൾ തടഞ്ഞില്ലെങ്കിൽ ജനാധിപത്യം സേച്ഛാധിപത്യമായി മാറും’

Update: 2024-03-10 06:05 GMT
Advertising

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്. രാജിയിൽ ഉത്കണ്ഠ പ്രകടിപ്പിച്ച കോൺഗ്രസ്, സ്വതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയുള്ള ആസൂത്രിത കടന്നുകയറ്റത്തിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ തടഞ്ഞില്ലെങ്കിൽ ജനാധിപത്യം സേച്ഛാധിപത്യമായി മാറും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നീതിപൂർവം നടക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ടെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷനാണോ അതോ തെരഞ്ഞെടുപ്പ് ഒമിഷനാണോ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. രാജ്യത്ത് നിലവിൽ ഒരു തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമേയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രമാണുള്ളത്. എന്തുകൊണ്ടാണിത്? താൻ നേരത്തെ പറഞ്ഞതുപോലെ നമ്മുടെ സ്വതന്ത്ര സ്ഥാപനങ്ങളുടെ വ്യവസ്ഥാപിതമായ തകർച്ച നാം തടഞ്ഞില്ലെങ്കിൽ നമ്മുടെ ജനാധിപത്യം സേച്ഛാധിപത്യത്താൽ കവർന്നെടുക്കപ്പെടുമെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

തകർന്നുവീഴുന്ന അവസാനത്തെ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷ​ൻ. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കാനുള്ള പുതിയ പ്രകിയയുടെ പൂർണ അധികാരം ഭരണകക്ഷിക്കും പ്രധാനമന്ത്രിക്കുമായി മാറിയിട്ടുണ്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാത്തത് എന്തുകൊണ്ടാണ്? മോദി സർക്കാർ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ന്യായമായ വിശദീകരണം നൽകുകയും ​വേണമെന്നും ഖാർഗെ പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മയെ എ.​ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വിമർശിച്ചു. ‘ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുന്നത്. നിലവിൽ ഒരു തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമാണുള്ളത്. എന്താണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നടക്കുന്നത്? രാജ്യം മുഴുവൻ ആശങ്കയിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ല’ -കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.

2019ൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേസിൽ പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ രംഗത്തുവന്നിരിന്നു. തുടർന്ന് ഇദ്ദേഹത്തിന് നിരവധി അന്വേഷണങ്ങളാണ് നേരിടേണ്ടി വന്നത്. അരുൺ ഗോയലിന്റെ രാജിക്ക് ഈ സംഭവുമായി സാമ്യമുണ്ട്. ജനാധിപത്യ പാരമ്പര്യങ്ങളെ നശിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുകയാണെന്നും വേണുഗോപാൽ എക്‌സിൽ കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് ശനിയാഴ്ച അരുൺ ഗോയൽ രാജിവെച്ചത്. 2027 ഡിസംബർ അഞ്ച് വരെ ഇദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു.

നിവലിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അടുത്തവർഷം ഫെബ്രുവരിയിൽ വിരമിക്കാനിരിക്കുകയാണ്. അതി​നുശേഷം ആ പദവിയിലേക്ക് എത്തേണ്ട ആളായിരുന്നു അരുൺ ഗോയൽ. മൂന്ന് അംഗങ്ങൾ അടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നേരത്തെ ഒരു ഒഴിവുണ്ടായിരുന്നു. അരുൺ ഗോയലിന്റെ രാജിയോടെ കമ്മീഷനിൽ ഒരാൾ മാത്രമായി ചുരുങ്ങി.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് അരുൺ ഗോയൽ അറിയിച്ചത്. എന്നാൽ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറുമായിട്ടുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 

ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതും വിവാദമായിരുന്നു. 2022 നവംബർ 18നാണ് അദ്ദേഹം ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസിൽനിന്ന് സ്വമേധയാ വിരമിക്കുന്നത്. 2022 ഡിസംബർ 31 ആയിരുന്നു യഥാർഥ വിരമിക്കൽ തീയതി. വിരമിക്കുന്ന സമയത്ത് ഘനവ്യവസായ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു.

വിരമിച്ചതിന്റെ അടുത്തദിവസം തന്നെ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ഇതിനെതിരെ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിയമന നടപടി ഏകപക്ഷീയവും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്ഥാപനപരമായ സമഗ്രതയുടെയും സ്വാതന്ത്ര്യത്തിൻ്റെയും ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

സർവീസിൽനിന്ന് സ്വമേധയാ വിരമിക്കലുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് ദീർഘവീക്ഷണം ഉണ്ടായിരുന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് 2023 ആഗസ്റ്റിൽ ഈ ഹർജി തള്ളുകയുണ്ടായി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News