പഞ്ചാബിൽ സംപൂജ്യരായി ബി.ജെ.പി; കരുത്ത് കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും
കർഷകരോഷം കാരണം ബി.ജെ.പിക്ക് പലയിടത്തും പ്രചാരണം പോലും നടത്താനായിരുന്നില്ല
ഛണ്ഡീഗഢ്: പഞ്ചാബിൽ കരുത്ത് കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഏഴിടത്ത് കോൺഗ്രസും മൂന്നിടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നു. ഒരിടത്ത് ശിരോമണി അകാലിദളും രണ്ടിടത്ത് സ്വതന്ത്രരുമാണ് മുന്നിൽ. ജലന്ധറിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ചരൺജിത് സിങ് ഛന്നി വിജയമുറപ്പിച്ചു.
കഴിഞ്ഞ തവണ എട്ട് സീറ്റാണ് കോൺഗ്രസ് നേടിയിരുന്നത്. ബി.ജെ.പിയും എൻ.ഡി.എയുടെ ഭാഗമായിരുന്ന ശിരോമണി അകാലിദളും രണ്ട് വീതം സീറ്റ് നേടിയിരുന്നു. ഒരു സീറ്റ് ആം ആദ്മി പാർട്ടിക്കും ലഭിച്ചു. ഇത്തവണ നാല് പാർട്ടികളും തനിച്ചാണ് മത്സരിക്കുന്നത്.
ഖാദൂര്‍ സാഹിബ് മണ്ഡലത്തിൽ ഖലിസ്ഥാന്‍ നേതാവ് അമൃത്പാൽ സിങ്ങാണ് മുന്നിൽ. അസമിലെ ജയിലില്‍ കഴിയുന്ന അമൃത്പാല്‍ സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. കുൽബീർ സിംഗ് സിറയാണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1,38,561 വോട്ടിനാണ് അമൃത്പാൽ നിലവിൽ മുന്നിട്ട് നിൽക്കുന്നത്. ഫരീദ്കോട്ടിൽ സറബജീത് സിങ് കൽസയാണ് മുന്നിൽ നിൽക്കുന്ന മറ്റൊരു സ്വതന്ത്രൻ.
ബതിൻഡ സീറ്റിലാണ് ശിരോമണി അകാലിദളിന്റെ ഹർസിമ്രത് കൗർ ബാദൽ മുന്നിട്ടുനിൽക്കുന്നത്. നേരത്തേ എൻ.ഡി.എയുടെ ഭാഗമായിരുന്ന പാർട്ടി കർഷക സമരമടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് മുന്നണി വിടുകയായിരുന്നു.
എക്സിറ്റ് പോളുകളെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും പഞ്ചാബിൽ നടത്തിയത്. നാല് വരെ സീറ്റുകൾ എൻ.ഡി.എക്ക് പ്രവചിച്ചിരുന്നു. എന്നാൽ, കർഷകരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചു നിന്ന ബി.ജെ.പിയെ ജനം പരാജയപ്പെടുത്തുന്ന കാഴ്ചക്കാണ് പഞ്ചാബ് സാക്ഷിയായത്. കർഷകരോഷം കാരണം ബി.ജെ.പിക്ക് പലയിടത്തും തെരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു.