കോൺഗ്രസും എസ്ഡിപിഐയും ഒന്നിച്ചു; ഗംഗോളിയിൽ 27 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം
കോൺഗ്രസ് -12, എസ്ഡിപിഐ- ഏഴ് എന്നിങ്ങനെ വിജയിച്ചപ്പോൾ രണ്ട് സ്വതന്ത്രന്മാർ ഉൾപ്പെടെ ബിജെപി 14 സീറ്റുകൾ നേടി
മംഗളൂരു: ഉഡുപ്പി ജില്ലയിലെ ഗംഗോളി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ച് കോൺഗ്രസും എസ്ഡിപിഐയും. ഇരുവരും പരസ്പര ധാരണയോടെ രംഗത്തിറക്കിയ സ്ഥാനാർഥികൾക്ക് മിന്നും ജയം. 27 വർഷമായി ബിജെപി പിന്തുണയുള്ള ജനപ്രതിനിധികളായിരുന്നു ഇവിടെ ഭരണത്തിലുണ്ടായിരുന്നത്. ഇതിനാണ് ഇപ്പോൾ കോൺഗ്രസും- എസ്ഡിപിഐയും ചേർന്ന് അന്ത്യം കുറിച്ചത്.
33 സീറ്റുകളിൽ കോൺഗ്രസ് -12, എസ്ഡിപിഐ- ഏഴ് എന്നിങ്ങനെ വിജയിച്ചപ്പോൾ രണ്ട് സ്വതന്ത്രന്മാർ ഉൾപ്പെടെ ബിജെപി 14 സീറ്റുകൾ നേടി. ഡിസംബർ 11നായിരുന്നു ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച വോട്ടെണ്ണൽ ഡിസംബർ 12നാണ് നടന്നത്.
കർണാടകയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരം പാർട്ടി ചിഹ്നങ്ങളിൽ അല്ലെങ്കിലും പാർട്ടികളുടെ പിന്തുണയോടെയാണ് ജനവിധി തേടുക. ധാരണയിലെത്തിയ സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചിടത്ത് എസ്ഡിപിഐയും തിരിച്ചും സ്ഥാനാർഥികളെ നിർത്താതെയാണ് തെരഞ്ഞെടുപ്പ് നേരിട്ടതെന്ന് എസ്ഡിപിഐ ഉഡുപ്പി ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്റഫ് ബാവ പറഞ്ഞു.