അദാനിയെ മുൻ നിർത്തി മോദിയെ ആക്രമിച്ചു കോൺഗ്രസ്; ഇൻഡ്യാ മുന്നണിയിലെ അനൈക്യം ആയുധമാക്കി ബി.ജെ.പി
ജാതി സെൻസസ് എന്ന പ്രതിപക്ഷ ആവശ്യത്തിന് മുന്നിലാണ് ബി.ജെ.പി പതറുന്നത്.
ന്യൂഡൽഹി: അദാനിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചങ്ങാത്തം മുഖ്യ പ്രചാരണായുധമാക്കി കോൺഗ്രസ്. ഇൻഡ്യ മുന്നണിയിലെ അനൈക്യം തിരിച്ചു ബി.ജെ.പിയും ആയുധമാക്കുന്നു. ജാതി സർവേ നടത്തണമെന്ന ആവശ്യത്തിന് മുന്നിലാണ് ബി.ജെ.പി കിതക്കുന്നത്.
ടാറ്റ ട്രക്ക് ഉണ്ടാക്കി തൊഴിൽ നൽകുന്നു. അദാനി എന്ത് തൊഴിലാണ് നൽകുന്നത്? തെരെഞ്ഞെടുപ്പ് വേദികളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ആവർത്തിച്ചുള്ള ചോദ്യമാണിത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനി്ക്കായി നൽകുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഒന്നുകൂടി കടത്തിയാണ് മോദിയെ ആക്രമിക്കുന്നത്. ചായ വിറ്റ് നടന്നിരുന്നുവെന്നും പാവപ്പെട്ടവനാണെന്നും പ്രധാനമന്ത്രി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഒപ്പം ഒരുപാവപ്പെട്ടവനെയും കാണാനില്ല, ഒപ്പമുള്ളത് അദാനിയെപ്പോലെ വമ്പൻ പണക്കാർ മാത്രം. രാഹുൽ ഗാന്ധി തുടങ്ങിവച്ച ആക്രമണം പലവഴിക്കാണ് കോൺഗ്രസ് ഉന്നം വെക്കുന്നത്.
എന്നാൽ ഈ ആരോപണങ്ങൾക്ക് മറുപടി നൽകാതെ അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലെ സ്വന്തം ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് മോദി വോട്ട് തേടുന്നത്. ഇന്ത്യ മുന്നണി പരസ്പരം മത്സരിക്കുന്നത് പോലും ബി.ജെ.പി ആയുധമാക്കുന്നുണ്ട്. ഗെലോട്ട് സർക്കാരിനെ തോൽപ്പിക്കാൻ രാജസ്ഥാനിൽ കേന്ദ്ര ഏജൻസികളെയാണ് ബി.ജെ.പി ആയുധമാക്കുന്നത് എന്നും കോൺഗ്രസ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പ് വേദിയിൽ മോദി നൽകുന്ന സൗജന്യ ഭക്ഷ്യധാന്യം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, തെരെഞ്ഞെടുപ്പ് കമ്മീഷന് നിരന്തരം പരാതിനൽകുകയാണ് കോൺഗ്രസ്.