തകർന്നടിഞ്ഞു, അഞ്ചിലും പച്ച തൊടാതെ കോൺഗ്രസ്

യുപിയിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്

Update: 2022-03-10 05:57 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റത് കോൺഗ്രസിന്. അധികാരത്തിലിരുന്ന പഞ്ചാബിലാണ് പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. സംസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരത്തിലേക്ക് അടുക്കുകയാണ്. അധികാരത്തിൽ തിരിച്ചെത്തുമെന്ന സൂചനകളുണ്ടായിരുന്ന ഉത്തരാഖണ്ഡിൽ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ഏകദേശം ഉറപ്പായി. യുപിയിലും മണിപ്പൂരിലും ഗോവയിലും പാർട്ടി ദുർബലമായെന്ന് ഫലം തെളിയിക്കുന്നു.

യുപിയിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മുൻ തെരഞ്ഞെടുപ്പിൽ നിന്ന് ഏതെങ്കിലും തരത്തിൽ പുരോഗതിയുണ്ടാക്കാൻ പ്രിയങ്കയ്ക്കായില്ല. ഏറെ മാധ്യമശ്രദ്ധ കിട്ടിയെങ്കിലും യുപി ഗ്രാമങ്ങളിൽ പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ ദുർബലമാണ് എന്ന് തെളിയിക്കുന്നത് കൂടിയാണ് ജനവിധി. 403 അംഗ സഭയിൽ നാലു സീറ്റിലാണ് കോൺഗ്രസ് നിലവിൽ മുന്നിട്ടു നിൽക്കുന്നത്. കഴിഞ്ഞ തവണ ഏഴു സീറ്റിലാണ് പാർട്ടി വിജയിച്ചിരുന്നത്.

പഞ്ചാബിൽ പാർട്ടിയുടെ മുഖ്യമുഖങ്ങളായ ചരൺജിത് ഛന്നി, നവ്‌ജ്യോത് സിങ് എന്നിവർ പോലും പിന്നിലാണ്. 117 അംഗ സഭയിൽ 89 സീറ്റാണ് ഇപ്പോൾ ആം ആദ്മി പാർട്ടിക്കുള്ളത്. കഴിഞ്ഞ തവണ 77 സീറ്റു നേടിയ പാർട്ടിക്ക് ഇത്തവണ ഇരുപതു പോലും തികയ്ക്കാനായിട്ടില്ല. പാർട്ടിക്കുള്ളിലെ ആഭ്യന്തര ശൈഥില്യമാണ് സംസ്ഥാനത്ത് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണം.

ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപി അധികാരം നിലനിർത്തുകയാണ്. 70 അംഗസഭയിൽ നാൽപ്പതിലേറെ സീറ്റുകൾ ബിജെപി സ്വന്തമാക്കിയിട്ടുണ്ട്. ഹരീഷ് റാവത്തിനെ പോലുള്ള തലപ്പൊക്കമുള്ള നേതാക്കൾ ഉണ്ടായിട്ടു പോലും പാർട്ടിക്ക് അധികാരം തിരിച്ചുപിടിക്കാനായില്ല.

ഗോവയിലെ 40 അംഗസഭയിൽ 18 സീറ്റുമായി ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 13 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മണിപ്പൂരിലെ 60 സീറ്റിൽ കോൺഗ്രസ് ബിജെപിക്കും എൻപിപിക്കും താഴെ മൂന്നാം സ്ഥാനത്താണ്. ബിജെപിക്ക് 26 സീറ്റും എൻപിപിക്ക് 12 സീറ്റുമാണുള്ളത്. കോൺഗ്രസ് ലീഡ് ചെയ്യുന്നത് 11 ഇടത്തു മാത്രം.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News