മധ്യപ്രദേശ് കോൺഗ്രസിൽ വീണ്ടും നടപടി; സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടു
സംസ്ഥാന അധ്യക്ഷൻ കമൽനാഥിനെ പാർട്ടി നേരത്തെ മാറ്റിയിരുന്നു
ഭോപാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്തതിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസ് സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടു. പാർട്ടി ജനറൽ സെക്രട്ടറിയായ ജിതേന്ദ്ര സിങ്ങാണ് മാധ്യമങ്ങളോട് പാർട്ടി നടപടി വിശദീകരിച്ചത്.നിയമസഭ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കമൽനാഥിനെ പാർട്ടി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പ്രവർത്തക സമിതിക്കും നേരെ നടപടിയുണ്ടായിരിക്കുന്നത്.
പുതുതായി നിയമിതനായ സംസ്ഥാന അധ്യക്ഷൻ ജിത്തു പട് വാരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി നേതാക്കളായ ദിഗ്‍വിജയ് സിങ്, കാന്തിലാൽ ബുരിയ,സുരേഷ് പച്ചൗരി, അരുൺ യാദവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടെങ്കിലും ജില്ലാ നേതൃത്വത്തിന് തുടരാമെന്നും അധ്യക്ഷൻ വ്യക്തമാക്കി. 230 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 163 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കോൺഗ്രസ് 66 സീറ്റിലേക്ക് ചുരുങ്ങിയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.