കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്‍ലോട്ടിനെ വീണ്ടും പരിഗണിച്ചേക്കും
സോണിയ ഗാന്ധിയെ നേരിൽ കണ്ട് രാജസ്ഥാനിലെ സംഭവ വികാസങ്ങളിൽ ഗെഹ്‍ലോട്ട് ക്ഷമ ചോദിക്കും
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ടിനെ വീണ്ടും പരിഗണിച്ചേക്കും. സോണിയ ഗാന്ധിയെ നേരിൽ കണ്ട് രാജസ്ഥാനിലെ സംഭവ വികാസങ്ങളിൽ ഗെഹ്‍ലോട്ട് ക്ഷമ ചോദിക്കും. നേതൃത്വവുമായുള്ള ചർച്ചകൾക്കായി സച്ചിൻ പൈലറ്റും ഡൽഹിയിൽ തുടരുകയാണ് . മുതിർന്ന നേതാവ് എ.കെ ആന്‍റണി ഇന്ന് സോണിയയെ കാണും.
ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിച്ചാൽ സച്ചിൻ പൈലറ്റ് നാമനിർദേശ പത്രിക നൽകും. ഡൽഹിയിലുള്ള സച്ചിൻ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. മത്സര രംഗത്തുള്ള ശശി തരൂരിന്‍റെ നാമനിർദേശ പത്രികയിൽ മലയാളികൾ അടക്കം പിന്തുണച്ച് ഒപ്പിടും എന്നാണ് വിവരം. ഇന്ന് ചേരുന്ന കോൺഗ്രസ് അച്ചടക്ക സമിതി യോഗത്തിൽ രാജസ്ഥാൻ വിഷയം ചർച്ച ചെയ്യും. മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, മുതിർന്ന നേതാവ് ധർമേന്ദ്ര റാത്തോർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പത്ത് ദിവസത്തിനുള്ളിൽ മറുപടി നൽകണം എന്നാണ് അറിയിച്ചിട്ടുള്ളത്.