കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം വീണ്ടുമുയരുന്നു

നിലവിൽ ഡി.കെ ശിവകുമാർ മാത്രമാണ് ഉപമുഖ്യമന്ത്രി പദവിയിലുള്ളത്.

Update: 2024-06-25 11:35 GMT
Advertising

ബെംഗളൂരു: മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം കർണാടക മന്ത്രസഭയിൽ വീണ്ടുമുയരുന്നു. നിലവിൽ ഡി.കെ ശിവകുമാർ മാത്രമാണ് ഉപമുഖ്യമന്ത്രി പദവിയിലുള്ളത്. അദ്ദേഹം വൊക്കലിഗ സമുദായാംഗമാണ്. വീരശൈവ-ലിംഗായത്, എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് കൂടി ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ചില മന്ത്രിമാർ ഉയർത്തുന്ന ആവശ്യം. ഹൈക്കമാൻഡാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ഡി.കെ ശിവകുമാറിന്റെ പ്രതികരണം.

ശിവകുമാറിനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് ഒരുവിഭാഗം ഉന്നയിക്കുന്ന ആരോപണം. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദം ശിവകുമാറിന് നൽകാമെന്നാണ് സർക്കാർ രൂപീകരണ വേളയിൽ കോൺഗ്രസിനകത്തെ ധാരണ. ഇതിന് തടയിടാൻ സിദ്ധരാമയ്യ പക്ഷത്തെ മന്ത്രിമാരാണ് കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

കൂടുതൽ സമാദയങ്ങൾക്ക് പ്രാതിനിധ്യം നൽകിയാൽ അവർക്ക് പാർട്ടിയോടുള്ള ഇഷ്ടം വർധിക്കുമെന്നും ഏതാനും ആളുകൾ അധികാരം ആസ്വദിക്കുകയാണെന്ന വിമർശനം ഇല്ലാതാക്കാനാവുമെന്നും സഹകരണവകുപ്പ് മന്ത്രി കെ.എൻ രാജണ്ണ പറഞ്ഞു. ബി.ജെ.പി നേരത്തെ ഇത് ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ ഒരു തെറ്റുമില്ലെന്ന് ഭവനനിർമാണ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ സമുദായങ്ങൾക്കും അവർക്ക് പ്രാതിനിധ്യം വേണമെന്ന താൽപ്പര്യമുണ്ടാകും. വൊക്കലിഗ സമുദായത്തിൽനിന്ന് ഡി.കെ ശിവകുമാർ ഇപ്പോൾ ഉപമുഖ്യമന്ത്രിയാണ്. ലിംഗായത്, എസ്.സി/എസ്.ടി, മുസ്‌ലിം സമുദായങ്ങൾക്ക് കൂടി പ്രതിനിധ്യം നൽകാവുന്നതാണ്. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഭരണഘടന അനുസരിച്ച് മന്ത്രിസഭയിൽ അങ്ങനെ സമുദായ ക്വാട്ട ഇല്ലെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു. കഴിവിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനങ്ങൾ ലഭിക്കുന്നത്. കഴിവുള്ള നിരവധി ദലിത് നേതാക്കളുണ്ട്. അവർക്കാണ് സ്ഥാനം നൽകേണ്ടത്. സമുദായ ക്വാട്ടയുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News