'ഇങ്ങനെ പറ്റില്ല, അവരെ പുറത്താക്കണം': മഹാരാഷ്ട്രയിൽ ക്രോസ് വോട്ട് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എമാർ

പാർട്ടിയെ ചതിച്ചവരെ പാഠം പഠിപ്പിക്കുമെന്ന് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ വ്യക്തമാക്കിയിരുന്നു

Update: 2024-07-14 05:14 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തവര്‍ക്കെതിരെ  നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്രിയിലെ പത്ത് കോൺഗ്രസ് എം.എൽ.എമാർ. ക്രോസ് വോട്ട് ചെയ്തവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അല്ലാത്ത പക്ഷം പാർട്ടിയെ അനുസരിച്ച് വോട്ട് ചെയ്തവരെ വരെ സംശയിക്കുമെന്നും ഈ എം.എൽ.എമാർ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട്‌ ഹൈക്കമാൻഡിന് എം.എൽ.എമാർ കത്ത് നൽകി.

ഈ മാസം 12ന് നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏഴോളം കോണ്‍ഗ്രസ് എം.എൽ.എമാരാണ് ക്രോസ് വോട്ട് ചെയ്തത്. 37 വോട്ടുകളില്‍ പാർട്ടിയുടെ സ്ഥാനാർഥി പ്രദ്‌ന്യ സതവിന് 30 വോട്ടുകളാണ് ഉറപ്പിച്ചിരുന്നത്. ശേഷിക്കുന്ന ഏഴു വോട്ടുകൾ സഖ്യകക്ഷിയായ ശിവസേനയുടെ (യു.ബി.ടി) സ്ഥാനാർഥി മിലിന്ദ് നർവേക്കറിനാണെന്നും പാർട്ടി അറിയിച്ചിരുന്നു. എന്നാൽ, പ്രദ്‌ന്യ സതവിന് 25ഉം നർവേക്കറിന് 22 വോട്ടുകളാണ് ലഭിച്ചത്. അതായത് ഏഴ് കോൺഗ്രസ് എം.എൽ.എ.മാരെങ്കിലും ക്രോസ്‌ വോട്ട് ചെയ്തെന്നാണ് വ്യക്തമാകുന്നത്.

'' ഞങ്ങൾ പാർട്ടിയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ചില എം.എൽ.എമാരുടെ ക്രോസ് വോട്ട് കാരണം ഞങ്ങളെപ്പോലും സംശയത്തില്‍ നിര്‍ത്തുകയാണ്. നമ്മൾ എന്തിന് ഈ അപമാനം സഹിക്കണം? ക്രോസ് വോട്ട് ചെയ്ത എം.എൽ.എമാരുടെ പേരുകൾ പാർട്ടിക്ക് അറിയാമെങ്കിൽ അവർക്കെതിരെ ഉടൻ നടപടിയെടുക്കുകയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും വേണം''- പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നിന്നുള്ള എംഎൽഎ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എതിരാളികള്‍ പാർട്ടിക്കെതിരെ ക്രോസ് വോട്ട് വിഷയം  ഉപയോഗിക്കുമെന്ന് വിദർഭയിൽ നിന്നുള്ള മറ്റൊരു എം.എൽ.എ ചൂണ്ടിക്കാട്ടി. “ ചില എം.എല്‍.എമാര്‍ ക്രോസ് വോട്ട് ചെയ്തത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചു. ആരൊക്കെയാണ് പാര്‍ട്ടിയെ ധിക്കരിച്ചത് എന്ന് അറിയാത്തതിനാല്‍ എല്ലാവരെയും സംശയത്തോടെയാണ് നോക്കുന്നത്. സാഹചര്യം അങ്ങനെ തന്നെ തുടരുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്താൽ എതിരാളികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഷയം ഉന്നയിക്കും. ഇത് തിരിച്ചടിയാകും, അതിനാല്‍ അടിയന്തിര നടപടി ആവശ്യമാണെന്നും''- അദ്ദേഹം പറഞ്ഞു. 

ആറ് മുതൽ ഏഴ് വരെ എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതായാണ് പാർട്ടി വിലയിരുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്  ലെജിസ്ലേറ്റീവ് കൗൺസിലിലെ പതിനൊന്ന് സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ മഹായുതി സഖ്യം ഒമ്പത് സീറ്റുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യം രണ്ട് സീറ്റുകള്‍ നേടി. ചെറുപാർട്ടികളിൽനിന്നും ഭരണമുന്നണയില്‍ നിന്ന് പോലും വോട്ടുകള്‍ പ്രതീക്ഷിച്ചാണ് എം.വി.എ മൂന്ന് സ്ഥാനാർത്ഥികളെ നിർത്തിയത്. എന്നാല്‍ സ്വന്തം പാളയത്തിലെ എം.എല്‍.എമാര്‍ തന്നെ തിരിഞ്ഞത് സഖ്യത്തിനു തന്നെ ക്ഷീണമായി.

ഒക്ടോബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ക്ഷീണം തീര്‍ക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് ശക്തമായ നടപടി തന്നെ ആവശ്യപ്പെടുന്നത്. അതേസമയം വോട്ടെണ്ണൽ സമയത്ത് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏത് എം.എൽ.എമാരാണ് നിർദ്ദേശം പാലിക്കാത്തതെന്ന് തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാല്‍ പാർട്ടിയെ ചതിച്ചവരെ പാഠം പഠിപ്പിക്കുമെന്ന് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ തന്നെ രംഗത്ത് എത്തിയത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News