വ്യക്തമായി പറയാം ഞാനും പിതാവ് കമല്‍നാഥും ബി.ജെ.പിയിലേക്കില്ല: നകുല്‍നാഥ്
അടുത്ത ഒന്നോ ഒന്നര മാസത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്
ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് എം.പി നകുൽ നാഥ്.താനോ തൻ്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥോ എതിരാളികളായ ബി.ജെ.പിയിൽ ചേരാൻ പോകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ നിരവധി കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോയതോടെ കമൽനാഥിനെയും മകനെയും ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമായിരുന്നു.കമൽനാഥിൻ്റെ ഡൽഹി സന്ദർശനവും റിപ്പോർട്ടുകൾ നിഷേധിക്കാൻ ആദ്യം വിസമ്മതിച്ചതും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.
''അടുത്ത ഒന്നോ ഒന്നര മാസത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.ഞാനും കമൽനാഥും ബി.ജെ.പിയിലേക്ക് പോകുന്നു എന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ ബി.ജെ.പിക്കാർ പ്രചരിപ്പിക്കുന്നുണ്ട്. കമൽനാഥോ നകുൽനാഥോ ബി.ജെ.പിയിൽ ചേരാൻ പോകുന്നില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ''ചിന്ദ്വാര ജില്ലയിലെ നവേഗാവിൽ നടന്ന പൊതുയോഗത്തിൽ നകുൽനാഥ് പറഞ്ഞു. ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ഈയിടെ കമല്‍നാഥ് നിഷേധിച്ചിരുന്നു. മാധ്യമഭ്രാന്ത് എന്നാണ് അദ്ദേഹം ഇത്തരം വാര്‍ത്തകളെ നിഷേധിച്ചത്. "നിങ്ങൾ ഇത് എപ്പോഴെങ്കിലും എൻ്റെ വായിൽ നിന്ന് കേട്ടിട്ടുണ്ടോ? എന്തെങ്കിലും സൂചന ലഭിച്ചോ? ഒന്നുമില്ല'' കമല്‍നാഥ് ചോദിച്ചു. നിങ്ങള്‍ മാധ്യമങ്ങള്‍ പലതും പറയുന്നു. മറ്റാരും ഇത് പറയുന്നില്ല.നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ വാര്‍ത്തകള്‍ കൊടുക്കുന്നു. എന്നിട്ട് അതിനെക്കുറിച്ച് എന്നോട് ചോദിക്കുന്നു. ആദ്യം നിങ്ങള്‍ തന്നെ അതിനെ തള്ളിക്കളയണം'' എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മകന് പിന്തുണ നൽകുന്നതിനായി കമൽനാഥ് ബുധനാഴ്ച പൊതുജന സമ്പർക്ക പരിപാടി ആരംഭിച്ചിട്ടുണ്ട്. “എത്രയോ വർഷങ്ങളായി നിങ്ങൾ എനിക്ക് സ്നേഹവും വിശ്വാസവും നൽകി. നിങ്ങൾക്ക് കമൽനാഥിനോട് വിട പറയണമെങ്കിൽ, അത് നിങ്ങളുടെ ഇഷ്ടമാണ്, ഞാൻ വിടപറയാൻ തയ്യാറാണ്.എന്നെത്തന്നെ അടിച്ചേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇത് നിങ്ങളുടെ തീരുമാനത്തിൻ്റെ കാര്യമാണ്'' ചൗരായ് നിയമസഭാ മണ്ഡലത്തിലെ ചാന്ദ് ബ്ലോക്കിൽ നടന്ന പരിപാടിയിൽ നാഥ് പറഞ്ഞു.
आगामी चुनाव में अपनी हार के डर से भाजपा के लोग हमारे भाजपा में जाने की झूठी अफ़वाह फैला रहे हैं । मैं आज इस मंच से स्पष्ट कर देना चाहता हूँ कि न ही आदरणीय कमलनाथ जी भाजपा में जा रहे है और न ही नकुल नाथ भाजपा में जा रहा है । pic.twitter.com/qp5sgXb5So
— Nakul Kamal Nath (@NakulKNath) February 29, 2024