കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : മത്സരം തരൂരും ഗാർഗെയും തമ്മിലെന്ന് മധുസൂദനൻ മിസ്ത്രി
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നേതാക്കളുടെ പരസ്യപ്രതികരണത്തിൽ കേരളത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും മിസ്ത്രി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നേതാക്കളുടെ പരസ്യപ്രതികരണത്തിൽ കേരളത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തെ കുറിച്ചാണ് പരാതി ലഭിച്ചതെന്നും മിസ്ത്രി വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ കേരളത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ല. മറ്റൊരു സംസ്ഥാനത്തെ കുറിച്ച് ശശി തരൂരിൻറെ ഏജൻറ് പരാതി നൽകിയിട്ടുണ്ട്. 17നാണ് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് മത്സരം. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ബാലറ്റ് ബോക്‌സ് നൽകാനും തീരുമാനമായിട്ടുണ്ട്". മിസ്ത്രി അറിയിച്ചു.
പദവികളിൽ ഇരിക്കുന്നവർ മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു തരൂരിന്റെ പരാതി. പിസിസികൾ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിന് പിന്നിൽ എഐസിസി നേതാക്കളാണെന്ന് കേൾക്കുന്നതായും തരൂർ പറഞ്ഞിരുന്നു.
തരൂർ നേരിട്ട് നൽകിയില്ലെങ്കിലും അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് ഏജൻ്റ് വഴി കേരളം ഒഴികെയുള്ള ചില സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് എതിരെ പരാതി ലഭിച്ചതായാണ് മിസ്ത്രി അറിയിച്ചിരിക്കുന്നത്.
അതേസമയം പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഗാന്ധി കുടുംബത്തിൻ്റെ നിയന്ത്രണത്തിൽ ആകില്ല എന്ന് രാഹുൽ ഗാന്ധി.. കർണാടകയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം