ഹരിദ്വാര്‍ വംശഹത്യ ആഹ്വാനം; വിദ്വേഷ പ്രാസംഗികർക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന് കോണ്‍ഗ്രസ്

സ്വാതന്ത്ര്യ ഇന്ത്യ കേട്ട ഏറ്റവും വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗം നടത്തിയവരോട് പൊലീസ് പുലർത്തുന്നത് മൃദുവായ സമീപനമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Update: 2022-01-03 00:53 GMT
Advertising

ഹരിദ്വാർ ധർമ സൻസദിൽ ന്യൂനപക്ഷങ്ങളുടെ വംശഹത്യയ്ക്ക് ആഹ്വാനം നടത്തിയവർക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന് കോൺഗ്രസ്. കേസന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചു. കേസിൽ നാളെ മൂന്ന് പ്രതികളുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സ്വാതന്ത്ര്യ ഇന്ത്യ കേട്ട ഏറ്റവും വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗം നടത്തിയവരോട് പൊലീസ് പുലർത്തുന്നത് മൃദുവായ സമീപനമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രതികളിൽ ആരെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കൂട്ടക്കൊലയ്ക്ക് ആഹ്വാനം നടത്തിയ ശേഷം വിവാദ സന്യാസിമാർ പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയായിരുന്നു. വിദ്വേഷ പ്രസംഗത്തിന് നേതൃത്വം നൽകിയ യതി നരസിംഹാനന്ദ ഗിരിക്കെതിരെ കഴിഞ്ഞ ദിവസം മാത്രമാണ് കേസെടുത്തത്. ഇവർക്കെതിരെ യു.എ.പി.എ ചുമത്തി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട കപിൽ സിബൽ, നരേന്ദ്ര മോദിയുടെയും യോഗി ആദിത്യ നാഥിന്‍റെയും മൗനത്തെയും കുറ്റപ്പെടുത്തി. സാദ്ധ്വി അന്നപൂർണ ഉൾപ്പെടെയുള്ള പ്രതികളിൽ നിന്നും നാളെ പൊലീസ് മൊഴിയെടുക്കും.

അതേസമയം മഹാത്മാഗാന്ധിയെ അവഹേളിച്ചതിന്‍റെ പേരിൽ വിവാദ സന്യാസി കാളീചരണിനെ അറസ്റ്റ് ചെയ്ത ഛത്തീസ്‌ഗഡ്‌ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹരിയാനയിലെ ഗുഡ്ഗാവിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിൽ ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സെയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയതായി ഡോ.സുമയ്യ ഷെയ്ഖ് ചൂണ്ടിക്കാട്ടി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News