യുപി പിടിക്കാന്‍ കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്
സ്ത്രീ സുരക്ഷയ്ക്കും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും പരിഗണന നല്‍കുന്ന പ്രകടനപത്രിക കോണ്‍ഗ്രസ് പുറത്തിറക്കും
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനില്ല, എന്നാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്കു കടന്നുവരാമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പ്രതികരിച്ചു.
യുപിയില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടും. പ്രിയങ്ക തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന പ്രകടന പത്രികയാകും കോണ്‍ഗ്രസ്സിന്റേത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കും പ്രകടനപത്രികയില്‍ സ്ഥാനം നല്‍കും. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുമായി ആശയവിനിമയം നടത്തിവരികയാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ല്‍ 403 മണ്ഡലങ്ങളില്‍ 312 ഉം നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. സമാജ്‌വാദി പാര്‍ട്ടി 47 ഉം ബി.എസ്.പി 12 സീറ്റുകളും നേടിയപ്പോള്‍ കോണ്‍ഗ്രസ് ഏഴു സീറ്റുകളില്‍ ഒതുങ്ങി.