നാലിടത്ത് കോൺഗ്രസ് ജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; മുൻ പിസിസി അധ്യക്ഷൻ ജയിച്ചത് 105 വോട്ടിന്
സിറ്റിങ് എംഎൽഎയായ ദിനേശ് ഗുണ്ടു റാവുവിന്റേത് ഗാന്ധിനഗറിൽ നിന്നുള്ള ആറാം ജയമാണ്.
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് മാസ്മരിക വിജയത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തിയ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ അരങ്ങേറിയത് ഇഞ്ചോടിച്ച് പോരാട്ടം. ഒടുവിൽ ഇവിടങ്ങളിൽ കോൺഗ്രസിന് തന്നെ ജയം. ഇതിൽ മുൻ പിസിസി അധ്യക്ഷൻ ജയിച്ചത് 100ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇദ്ദേഹമടക്കം നാല് സ്ഥാനാർഥികൾ ജയിച്ചത് 300ൽ താഴെ വോട്ടുകൾക്കാണ്.
മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു ആണ് ഏറ്റവും കുറഞ്ഞ വോട്ടുകൾക്ക് ജയിച്ച് മണ്ഡലം നിലനിർത്തിയത്. 105 വോട്ടുകളാണ് ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം. ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ഗുണ്ടു റാവു ബിജെപിയുടെ സപ്തഗിരി ഗൗഡയെ ആണ് പരാജയപ്പെടുത്തിയത്.
ഇത്തവണ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. സിറ്റിങ് എംഎൽഎയായ ദിനേശ് ഗുണ്ടു റാവുവിന്റേത് ഗാന്ധിനഗറിൽ നിന്നുള്ള ആറാം ജയമാണ്. 1999 മുതൽ ഇപ്പോൾ വരെ 24 വർഷമായി റാവു തന്നെയാണ് ഗാന്ധി നഗറിനെ പ്രതിനിധീകരിക്കുന്നത്.
ഇപ്പോഴത്തെ അധ്യക്ഷൻ ഡി.കെ ശിവകുമാർ ഒന്നേകാൽ ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ ഏറ്റവും മുന്നിലെത്തിയപ്പോഴാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ മുൻ അധ്യക്ഷന്റെ ജയം. ബിജെപിയെ മൂന്നാം സ്ഥാനത്താക്കിയാണ് കനകപുരയിൽ നിന്ന് ഡി.കെ ശിവകുമാറിന്റെ കൂറ്റൻ ജയം. 1,22,392 വോട്ടുകൾക്കായിരുന്നു ജെഡിഎസ് സ്ഥാനാർഥിയെ അദ്ദേഹം തോൽപ്പിച്ചത്. ആകെ 1,43,023 വോട്ടുകളാണ് ഡികെ നേടിയത്.
സിൻഗേരി സീറ്റിൽ നിന്ന് ജയിച്ച കോൺഗ്രസ് സ്ഥാനാർഥി ടി.ഡി രാജെഗൗഡയാണ് ഈ നിരയിൽ രണ്ടാമത്. 201 വോട്ടുകളാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ബിജെപിയുടെ ടി.എൻ ശിവകുമാറായിരുന്നു എതിരാളി.
മാലൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ച കെ.വൈ നഞ്ചെഗൗഡയാണ് മൂന്നാമത്തെയാൾ. ബിജെപിയുടെ മാഗുണ്ട ഗൗഡയ്ക്കെതിരെ 248 വോട്ടുകൾക്കായിരുന്നു ഇദ്ദേഹത്തിന്റെ ജയം.
ജയനഗർ മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് സൗമ്യ റെഡ്ഡിയാണ് നാലാമൻ. ബിജെപി സ്ഥാനാർഥി സി.കെ രാമമൂർത്തിക്കെതിരെ 294 വോട്ടുകൾക്കായിരുന്നു സൗമ്യ റെഡ്ഡി വിജയിച്ചത്.
അതേസമയം, ബിജെപിയുടെ ദിനകർ കേശവ് ഷെട്ടി ജെഡിഎസിന്റെ സൂരജ് നായിക് സോനിയെ പരാജയപ്പെടുത്തിയത് 676 വോട്ടുകൾക്കാണ്. കുംത മണ്ഡലത്തിലാണിത്.
224ൽ 136 സീറ്റുകൾ നേടിയാണ് കോൺഗ്രസ് കന്നഡനാട് അനായാസം 'കൈ'പ്പിടിയിലൊതുക്കിയത്. വെറും 65 സീറ്റിലേക്ക് ബിജെപി കൂപ്പുകുത്തിയപ്പോൾ 19 സീറ്റുകൾ കൊണ്ട് ജെഡിഎസിന് തൃപ്തിപ്പെടേണ്ടിവന്നു. മറ്റുള്ളവർക്ക് നാല് സീറ്റും ലഭിച്ചു.