'വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു'; അമിത് ഷാക്കെതിരെ കോൺഗ്രസ് പരാതി നൽകി

കർണാടകയിലെ തെരഞ്ഞെടുപ്പ് റാലികളിൽ അമിത് ഷാ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

Update: 2023-04-27 10:15 GMT
Advertising

ബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. അടുത്തിടെ കർണാടകയിൽ നടത്തിയ റാലികളിൽ അമിത് ഷാ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ശത്രുതയും വെറുപ്പും പ്രചരിപ്പിക്കുകയും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തതായി കോൺഗ്രസ് ബംഗളൂരു ഹൈ ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

''കോൺഗ്രസ് അധികാരത്തിലെത്തിയാൽ വർഗീയ കലാപങ്ങളുണ്ടാവുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നത്. അദ്ദേഹം എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ഇതിനെതിരെ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്''-പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.

അമിത് ഷാ, പരിപാടിയിൽ പങ്കെടുത്ത ബി.ജെ.പി നേതാക്കൾ, എപ്രിൽ 25-ന് വിജയ്പുരയിൽ നടന്ന റാലിയുടെ സംഘാടകർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളിലൂടെ കോൺഗ്രസിന്റെ പ്രതിച്ഛായ നശിപ്പിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണ് അമിത് ഷായുടെ പ്രസംഗമെന്ന് പരാതിയിൽ പറയുന്നു.

പ്രസംഗത്തിന്റെ വീഡിയോ ലിങ്കും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഐ.പി.സി സെക്ഷൻ 153, 505 (2), 171 ജി, 120 ബി വകുപ്പുകൾ പ്രകാരം കേസെടുക്കാവുന്ന പരാമർശങ്ങളാണ് അമിത് ഷാ നടത്തിയതെന്നും പരാതിയിൽ വിശദീകരിക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News