'ബാബ സിദ്ദീഖിയെ മാത്രമല്ല, മകനെയും 'തീർക്കാൻ' കരാർ ലഭിച്ചു': അക്രമികൾ പൊലീസിനോട് വെളിപ്പെടുത്തിയത്...

ബാബ സിദ്ദിഖിക്കൊപ്പം മകനെയും കൊലപ്പെടുത്താന്‍ കരാര്‍ ലഭിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത് കേസില്‍ അറസ്റ്റിലായ പ്രതികളാണ്

Update: 2024-10-14 11:01 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: വെടിയേറ്റു മരിച്ച മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദീഖിയുടെ മകന്‍ സീഷാന്‍ സിദ്ദീഖിയും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റില്‍. ബാബ സിദ്ദീഖിക്കൊപ്പം മകനെയും കൊലപ്പെടുത്താന്‍ കരാര്‍ ലഭിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത് കേസില്‍ അറസ്റ്റിലായ പ്രതികളാണ്.

പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളൊക്കെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരം കൊലപാതകം നടന്ന സ്ഥലത്ത് ഇരുവരും ഒരുമിച്ചുണ്ടാകുമെന്ന് വിവരം ലഭിച്ചിരുന്നതായും എന്നാല്‍ അവരെ ഒരുമിച്ച് ആക്രമിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ, ആദ്യം ആരെയാണോ കാണുന്നത് അയാളെ വെടിവെക്കാനായിരുന്നു നിര്‍ദേശമെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ച രാത്രി 9.30 ഓടെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സീഷാന്റെ ഓഫീസില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ നില്‍ക്കവെയാണ് അക്രമികള്‍ നിറയൊഴിക്കുന്നത്. ബാബ സിദ്ദീഖിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ പൊലീസ് കോണ്‍സ്റ്റബിളിന് നേരെ മുളക്പൊടി വിതറിയ ശേഷമായിരുന്നു വെടിവെപ്പ്. നെഞ്ചിനും അടിവയറ്റിനും വെടിയേറ്റ സിദ്ദീഖിയെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സിദ്ദീഖിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണ് പ്രതികളെ പിടികൂടുന്നതും. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരന്നത്. രണ്ട് പേരെ പിടികൂടിയപ്പോള്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഹരിയാനയിൽ നിന്നുള്ള ഗുർമൈൽ ബൽജിത് സിംഗ്, ഉത്തർപ്രദേശിൽ നിന്നുള്ള ധർമ്മരാജ് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമനായ ശിവകുമാർ ഗൗതം ആണ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താനായി ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ പൊലീസ് വലവിരിച്ചിട്ടുണ്ട്. 

അതേസമയം കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന സീഷൻ സിദ്ദീഖിനെ മാസങ്ങൾക്ക് മുമ്പാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിനിടെ ക്രോസ് വോട്ട് ചെയ്ത സംഭവത്തെ തുടർന്നായിരുന്നു വാന്ദ്രെ ഈസ്റ്റിൽ നിന്നുള്ള എംഎൽഎയായ സീഷാനെ പുറത്താക്കിയത്. 

അതേസമയം എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് കൂടായി ബാബ സിദ്ദീഖിയുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത് വീണ്ടും രംഗത്ത് എത്തി. നിലവിലെ ഭരണത്തിന് കീഴിൽ ഗുണ്ടാ യുദ്ധങ്ങളും അധോലോക സ്വാധീനവും മുംബൈയിൽ വർദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അവരെയൊക്കെ അമര്‍ച്ച ചെയ്യാനുള്ള ധൈര്യമാണ് മുഖ്യമന്ത്രി കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സല്‍മാന്‍ ഖാനുമായുള്ള സൗഹൃദമാണ്‌ ബാബ സിദ്ദീഖിയെ ബിഷ്ണോയ് സംഘം ലക്ഷ്യമിടുന്നത്. 



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News