60 ശതമാനം മുസ്ലിംകളുള്ള മണ്ഡലത്തിൽ ഭൂരിപക്ഷം 1.4 ലക്ഷം വോട്ട്; കുന്ദർകിയിൽ ബിജെപിയുടെ വിജയത്തിന് പിന്നാലെ വിവാദം
തോക്കിെൻറ ശക്തിയിലാണ് ബിജെപി ജയിച്ചതെന്ന് സമാജ്വാദി പാർട്ടി
ലഖ്നൗ: ഉത്തർ പ്രദേശിലെ കുന്ദർകി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെ വൻ വിവാദം. മൊറാദാബാദ് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ കുന്ദർകിയിൽ കാലങ്ങളായി സമാജ്വാദി പാർട്ടിയാണ് വിജയിക്കാറ്. എന്നാൽ, ഇത്തവണ ബിജെപി 1.4 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 60 ശതമാനം മുസ്ലിംകളുള്ള മണ്ഡലത്തിൽ ബിജെപി വിജയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെയടക്കം ഞെട്ടിച്ചിട്ടുണ്ട്.
ബിജെപിയുടെ രംവീർ സിങ് താക്കൂറാണ് ഇവിടെനിന്ന് ജയിച്ചത്. 1,70,371 വോട്ടാണ് അദ്ദേഹം നേടിയത്. ആകെ പോൾ ചെയ്ത 76.71 ശതമാനവും ബിജെപിക്കാണ്. സമാജ്വാദി പാർട്ടിയുടെ മുഹമ്മദ് റിസ്വാന് 25,880 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 1993ന് ശേഷമുള്ള ബിജെപിയുടെ ആദ്യ വിജയം കൂടിയാണിത്.
മണ്ഡലത്തിലെ ഏക ഹിന്ദു സ്ഥാനാർഥിയായിരുന്നു രംവീർ സിങ്. റിസ്വാൻ അടക്കം 11 മുസ്ലിം സ്ഥാനാർഥികൾ ഇവിടെയുണ്ടായിരുന്നു. ബിഎസ്പി, ആസാദ് സമാജ് പാർട്ടി, എഐഎംഐഎം തുടങ്ങിയ പാർട്ടികളും ഇവിടെ സ്ഥാനാർഥികളെ നിർത്തി. കൂടാതെ എസ്പി സ്ഥാനാർഥിക്ക് രണ്ട് അപരൻമാരും ഉണ്ടായിരുന്നു.
ബിജെപിയുടെ വിജയത്തിന് പിന്നാലെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അധികൃതർക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പൊലീസും ഭരണകൂടവും ചേർന്ന് പാർട്ടിയുടെ ഭൂരിഭാഗം ബൂത്ത് ഏജൻറുമാരെ നീക്കുകയും തങ്ങളെ പിന്തുണക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽനിന്ന് തടഞ്ഞു, പിന്നെ ആരാണ് വോട്ട് ചെയ്യുക? സമാജ്വാദി വോട്ടർമാർ ബൂത്തുകളിൽ എത്താതിരിക്കുകയും ഞങ്ങളുടെ സ്ഥാനാർഥി പിന്തുണ കിട്ടാതിരിക്കുകയും ചെയ്തപ്പോൾ ആരാണ് പിന്നെ അവിടെ വോട്ട് ചെയ്തത്? ഇത് വളരെ ഗുരുതരമായ കാര്യമാണ്’ -അഖിലേഷ് യാദവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വോട്ടർമാരെ ഗ്രാമങ്ങളിൽ ചെന്ന് പൊലീസ് തടഞ്ഞുവെന്നും ആരോപണമുണ്ട്. ഇതിനാൽ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 429 പോളിങ് സ്റ്റേഷനുകളിൽ ബിജെപിക്ക് ഗണ്യമായ വോട്ട് വർധനവാണ് ഉണ്ടായിട്ടുള്ളത്. മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ ലാൽവാരയിൽ ബിജെപിയുടെ വോട്ട് വിഹിതം 3.9 ശതമാനത്തിൽനിന്ന് 89.7 ശതമാനാമായാണ് ഉയർന്നത്.
ഹമീർപൂരിലും വലിയ അന്തരം കാണാം. ഇവിടത്തെ 185, 186 പോളിങ് സ്റ്റേഷനുകളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 75.9, 70.1 ശതമാനമാണ് വോട്ട് നില. എന്നാൽ, ഉപതെരഞ്ഞെടുപ്പിലിത് 20.6, 15.9 ശതമാനമായി കുറഞ്ഞു. മേയിൽ സമാജ്വാദി പാർട്ടി 539, 593 വോട്ടുകളാണ് ഇവിടെ നേടിയതെങ്കിൽ നവംബറിലത് യഥാക്രമം 13ഉം 14ഉം വോട്ടുകളായി കുറഞ്ഞു.
ഇതിന് പുറമെ ബിജെപി സ്ഥാനാർഥി രംവീർ സിങ്ങിെൻറ മകൻ വിക്കി സിങ് പിങ്ക് വരകളുള്ള പ്രത്യേക വോട്ടിങ് സ്ലിപ്പുകൾ വിതരണം ചെയ്തുവെന്നും ഇവ കൈവശം ഉള്ളവരെ മാത്രമേ പൊലീസ് വോട്ട് ചെയ്യാൻ അനുവദിച്ചുവുള്ളൂവെന്നും ‘സ്ക്രോൾ’ റിപ്പോർട്ട് ചെയ്യുന്നു.
മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സമാജ് വാദി പാർട്ടി സ്ഥാനാർഥി മുഹമ്മദ് റിസ്വാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വോട്ടർമാരെ തടഞ്ഞതിന് രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ഏഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയുണ്ടായി.
ബിജെപിക്ക് വോട്ട് ചെയ്ത ‘മുസ്ലിംകൾ’
മണ്ഡലത്തിലെ മുസ്ലിംകൾ തങ്ങളെയാണ് പിന്തുണച്ചതെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്. ബിജെപിയുടെ മുസ്ലിം നേതാക്കൾ വലിയ രീതിയിലുള്ള പ്രചാരണമാണ് കുന്ദർകിയിൽ നടത്തിയത്. വ്യത്യസ്ത രീതിയിലുള്ള പ്രചാരണത്തിലായിരുന്നു ബിജെപി സ്ഥാനാർഥി രംവീർ സിങ്ങും. മുസ്ലിംകൾ ധരിക്കുന്ന തൊപ്പി ധരിച്ചാണ് അദ്ദേഹം വോട്ടർമാരെ കാണാനെത്തിയത്. മുസ്ലിം വീടുകൾ സന്ദർശിക്കുകയും അവരുടെ വിവാഹ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗത്തിെൻറ സഹായത്തോടെ ബിജെപി രണ്ട് ഡസനിലധികം മുസ്ലിം പ്രവർത്തകരുടെ സംഘത്തെ തന്നെയുണ്ടാക്കി. അവർ പ്രചാരണം നടത്തിയതിന് പുറമെ മതപുരോഹിതൻമാർ, മുസ്ലിം നേതാക്കൾ എന്നിവരുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയെന്നും ബിജെപി പറയുന്നു.
കുന്ദർകി മണ്ഡലത്തിൽ 80,000ത്തോളം ഷെയ്ഖ്സാദ വിഭാഗക്കാരുണ്ട്. മുസ്ലിം രാജ്പുത്രരായിട്ടാണ് ഇവരെ കണക്കാക്കുന്നത്. രംവീർ സിങ്ങും രാജ്പുത് ആണ്. നാമെല്ലാവരും രാജ്പുത്രരായതിനാൽ നമ്മൾ എല്ലാവരും ഒന്നാണെന്നായിരുന്ന ബിജെപി സ്ഥാനാർഥി പ്രചാരണ വേളയിൽ പ്രസംഗിച്ചത്. നമ്മുടെ പൂർവീകർ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇതും ബിജെപിക്ക് അനുകൂലമായെന്ന് ബിജെപി പറയുന്നു. ഇത് കൂടാതെ എല്ലാ ബൂത്തുകളിലും രണ്ട് മുസ്ലിം ഏജൻറുമാരെ നിർത്തുകയും ചെയ്തു. 57.7 ശതമാനമാണ് ഇവിടത്തെ വോട്ട് നില. അതിനാൽ തന്നെ മുസ്ലിംകളിൽ വലിയൊരു വിഭാഗം തങ്ങൾക്ക് വോട്ട് ചെയ്തുവെന്നും ബിജെപി അവകാശപ്പെടുന്നു.
ബർഖ് കുടുംബത്തിെൻറ സ്വാധീനം
കുന്ദർകി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എസ്പിയുടെ സിയാഉറഹ്മാൻ ബർഖ് സംഭലിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബർഖ് കുടുംബം തങ്ങളുടെ മറ്റൊരു ബന്ധുവിന് വേണ്ടി ഈ സീറ്റ് ആവശ്യപ്പെട്ടെങ്കിലും മുൻ എംഎൽഎ മുഹമ്മദ് റിസ്വാനെ സ്ഥാനാർഥിയാക്കുകയായിരുന്നു. 2002ൽ റിസ്വാൻ ഇവിടെനിന്ന് ജയിച്ചിരുന്നെങ്കിലും 2007ൽ ബിഎസ്പിയുടെ അക്ബർ ഹുസൈനോട് തോറ്റു.
എന്നാൽ, 2012ലും 17ലയും റിസ്വാൻ വീണ്ടും വിജയിച്ചു. അന്ന് രംവീർ സിങ്ങായിരുന്നു എതിർസ്ഥാനാർഥി. എന്നാൽ, ഇത്തവണ ബർഖ് കുടുംബത്തിെൻറ പിന്തുണ റിസ്വാന് ഉണ്ടായിരുന്നില്ലെന്ന് പ്രാദേശിക സമാജ്വാദി പാർട്ടി നേതാക്കൾ തന്നെ പറയുന്നതായി ‘ദ പ്രിൻറ്’ റിപ്പോർട്ട് ചെയ്യുന്നു. 2022ൽ സിയാഉറഹ്മാൻ ബർഖ് 40,000 വോട്ടിനാണ് വിജയിച്ചത്. അന്ന് ബിഎസ്പി സ്ഥാനാർഥിയായിരുന്ന മുഹമ്മദ് റിസ്വാൻ മൂന്നാം സ്ഥാനമാണ് നേടിയത്.
എന്നാൽ, തോക്കിെൻറ ശക്തിയിലാണ് ബിജെപി ഇവിടെ ജയിച്ചതെന്ന് എസ്പി വക്താവ് സുനിൽ സിങ് സാജൻ പറയുന്നു. ‘വോട്ടെടുപ്പ് ദിവസം മുസ്ലിം വോട്ടർമാരെ തടയുന്നതിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ കള്ളക്കേസെടുക്കുമെന്ന് പറഞ്ഞ് പലരെയും ഭീഷണിപ്പെടുത്തി. അല്ലാതെ എന്തിനാണ് ഒരു മുസ്ലിം ബിജെപിക്ക് വോട്ട് ചെയ്യുന്നത്? മുസ്ലിംകൾ ബിജെപിക്ക് വോട്ട് ചെയ്തുവെന്നുള്ള പ്രചാരണം തെറ്റാണ്. ചില ആളുകൾ ഇത്തരത്തിൽ വോട്ട് ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്, ചിലയിടങ്ങളിൽ കള്ളവോട്ടുകളും നടന്നു’ -സുനിൽ സിങ് സാജൻ വ്യക്തമാക്കി.